ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ

By Web Team  |  First Published Jul 16, 2022, 8:54 PM IST

വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും


ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലം ലഭിക്കും. 

പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. അതെ സമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടില്ല. 

Latest Videos

സിബിഎസ്ഇ വിദ്യാർത്ഥികൾ ആശങ്കയിൽ, പരീക്ഷാ ഫലം വൈകുന്നു

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയെന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. 

മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ സിബിഎസ്ഇ ഇക്കാര്യത്തിൽ  യുജിസിക്ക് കത്തയച്ചിട്ടുണ്ട്. സിബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാണ് സിബിഎസ്ഇ കത്തിൽ ആവശ്യപ്പെട്ടത്. പ്രവേശന നടപടികളാരംഭിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെടുന്നു.  

ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നോ, വൈകുന്നതിൻറെ കാരണമെന്തെന്നോ സിബിഎസ്ഇ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അസമിലെ വെള്ളപ്പൊക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ ബാധിച്ചതായാണ് സിബിഎസ്ഇ വൃത്തങ്ങൾ പറയുന്നത്.  ജൂലൈ നാലിനും പത്തിനുമായി ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വൈകുമെന്ന് സിബിഎസ്ഇ  അധികൃതർ തന്നെ വ്യക്തമാക്കുകയായിരുന്നു. 

 

click me!