ചാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി പ്രവേശനം ചരിത്ര മുഹൂർത്തം: മന്ത്രി ആന്റണി രാജു

By Web Team  |  First Published Aug 25, 2022, 4:28 PM IST

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിന് ഒരു കാലത്ത് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാല ഗവൺമെന്റ് സ്‌കൂൾ.


തിരുവനന്തപുരം:  വിദ്യാർഥിനി പ്രവേശനം ചാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ചരിത്ര നിമിഷമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിച്ചതിനു ശേഷം ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിനികളുടെ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ പെൺകുട്ടികളെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. 

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിന് ഒരു കാലത്ത് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാല ഗവൺമെന്റ് സ്‌കൂൾ. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് മീഡിയങ്ങളുണ്ടായിരുന്ന അപൂർവം വിദ്യാഭ്യാസ സ്ഥാപനമാണിത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് റൂമുകളും ലാബുകളും ഇന്ന് സ്മാർട്ടായി മാറി.  വിദ്യാർഥികളെ  ഗവണ്മെന്റ്, എയ്ഡഡ് സ്‌കൂളുകളിലേക്ക് തിരികെ എത്തിച്ചത് ഗവൺമെന്റിന്റെ ഈ പരിശ്രമമാണ്. ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം സാധാരണ വിദ്യാർഥികളിലെത്തിക്കാൻ ഗവണ്മെന്റിനു കഴിയുന്നുണ്ട്. വിദ്യാർഥിനികൾ കൂടി ഭാഗമാകുന്നതോടെ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിനാകും. 

Latest Videos

പഠനത്തോടൊപ്പം കല, സാഹിത്യം, കായികം തുടങ്ങിയ സർഗാത്മക മേഖലകളിലും ശേഷികൾ വിനിയോഗിച്ച്, അതിലൂടെ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി വിദ്യാർഥികൾ മാറുകയും വേണം. ചാല ഗവൺമെന്റ് സ്‌കൂളിന്റ അടിസ്ഥാന വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥിനി പ്രവേശനം ഉൽസവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചതിന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. പ്ലസ് വൺ പ്രവേശനം നേടിയ 13 പെൺകുട്ടികളെ ഹർഷാരവത്തോടെ വിദ്യാർഥികൾ സ്വാഗതം ചെയ്തു. തുടർന്ന് ചരിത്ര നിമിഷത്തിന്റെ ഓർമക്കായി ഓരോ വിദ്യാർഥിനികളും  ഓർമ മരങ്ങൾ  നട്ടു. വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫെലീഷ്യ ചന്ദ്രശേഖരൻ സ്വാഗതവും ബി.എസ്. സിന്ധു നന്ദിയും അറിയിച്ചു.
 

click me!