ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ഇന്ന്; പദ്ധതികളെക്കുറിച്ച് അറിയാം

By Web Team  |  First Published Jul 5, 2022, 9:56 AM IST

സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും സർക്കാർ - എയ്ഡഡ് കോളേജുകളും സ്വയംഭരണ കോളേജുകളും സ്വാശ്രയ കോളേജുകളും  SAAC അവലോകനപരിധിയിൽ വരും.
 


തിരുവനന്തപുരം:  ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ (higher education empowerment programme) സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമന്ദിരം ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് (ജൂലൈ 5) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാംപസിലാണ് പരിപാടി. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിക്കും.

ഇ-ജേർണൽ കൺസോർഷ്യം, ബ്രെയിൻ ഗെയിൻ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അക്രഡിറ്റഡ് കോളേജുകൾക്കുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (SAAC) സർട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിക്കുക. ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് ഉന്നതവിദ്യാഭവൻ നിർമിക്കുന്നത്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സിസ്റ്റം (IGBC)  മാനദണ്ഡങ്ങളനുസരിച്ചുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ്  കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി  ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Latest Videos

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ: വിശദാംശങ്ങൾ;

ഇ-ജേർണൽ കൺസോർഷ്യം  (20 കോടി രൂപ)
സർവകലാശാലകൾക്ക് യു.ജി.സി സൗജന്യമായി നൽകിവന്നിരുന്ന ഈ-ജേർണൽ പദ്ധതി (UGC INFLIBNET)   നിർത്തലാക്കിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ പ്രവർത്തനത്തിനും മറ്റും അനിവാര്യമായ ഇ-ജേണൽ വിഭവങ്ങൾ  ലഭ്യമാക്കാനാണ് സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യം (State Level E-Journal Conosrtium). പ്രമുഖ പ്രസാധകരായ എൽസെവിയർ, Knimbus എന്നിവരുമായി കരാർ ഉണ്ടാക്കാനുള്ള നടപടികൾ ആരംഭിച്ചു. എൽസെവിയർ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളായ സയൻസ് ഡയറക്ടും സ്‌കോപ്പസും ഇതിൽ ഉൾപ്പെടും.

ബ്രെയിൻ ഗെയിൻ (5 കോടി)
കേരളത്തിനു പുറത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിക്കഴിഞ്ഞു. Building Up Database of the Keralite - Academic Diaspora around the Globe എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്.  സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് ഇത് ഏറെ സഹായകമാകും. ആദ്യ ഘട്ടത്തിൽ എം.ജി, KVASU, തോന്നക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതിയില ഭാഗഭാക്കാവുക. ഈ പദ്ധതികളുടെ ഭാഗമായി എത്തുന്ന വിദഗ്ദ്ധരുടെ മുഴുവൻ ചെലവും കൗൺസിൽ വഹിക്കും.

സ്റ്റേറ്റ് അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ സെൻറർ (SAAC)  (1 കോടി)
സംസ്ഥാനത്തെ സർവകലാശാലകളെയും കോളജുകളെയും ഔപചാരികമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ ആരംഭിച്ചതാണ് അസ്സസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും സർക്കാർ - എയ്ഡഡ് കോളേജുകളും സ്വയംഭരണ കോളേജുകളും സ്വാശ്രയ കോളേജുകളും  SAAC അവലോകനപരിധിയിൽ വരും.

NAACÂ  വിഭാവനം ചെയ്തിട്ടുളളവക്കു പുറമെ Social Inclusiveness, Equity and Excellence, Scientific Temper and Secular Outlook എന്നീ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി SAAC വിലയിരുത്തലിന് മാനകങ്ങളായി സ്വീകരിച്ചിട്ടുണ്ട്.

ഡിജികോൾ (DIGICOL) (20 കോടി)
കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും സംയുക്തമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം, പഠനം, വിലയിരുത്തൽ, പരീക്ഷ ഇവയെല്ലാം പൊതുവായ മൂഡിൽ (Moodle) ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ കൊണ്ടുവരികയാണ് ഡിജിറ്റൽ എനേബിൾമെന്റ് ഓഫ് ഹയർ എഡ്യുക്കേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. LMS നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ ഓരോ വിദ്യാഭ്യാസസ്ഥാപന തലത്തിലും ആവശ്യമായ ഓൺലൈൻ പഠനസംവിധാനം ഒരുങ്ങും.

കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്ക് (കാൽനെറ്റ്) (10 കോടി)
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 11 സർവകലാശാലാ ലൈബ്രറികളിലെ 15 ലക്ഷത്തോളം പുസ്തകങ്ങളും തീസിസുകളും കൂട്ടിയിണക്കിയ സംസ്ഥാനതല സംവിധാനമാണ് കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്ക്  (Kerala Academic Library Network - KALNET).  വിദ്യാർഥികൾക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണിത്. സംസ്ഥാനത്തെ കോളജ്തല ലൈബ്രറികളേയും ഈ ശൃംഖലയിൽ പങ്കാളികളാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി സർവകലാശാലാ ലൈബ്രറികളിലെ അപൂർവ്വ ശേഖരണവും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കും.

ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (15.05 കോടി)
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ, പത്തോളം വിശാല വിജ്ഞാന മേഖലകളിലായി 77 ഫെലോഷിപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞു. അഞ്ചുവർഷം കൊണ്ട് 500 ഫെലോഷിപ്പുകൾ വിതരണം ചെയ്യാനാണ് പദ്ധതി. ആദ്യവർഷം പ്രതിമാസം 50,000 രൂപയും രണ്ടാം വർഷം പ്രതിമാസം ഒരു ലക്ഷം രൂപയുമാണ് ഫെലോഷിപ്പ് തുക.

കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (KIRF) (1 കോടി)  
NIRF മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ, അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യാനാണ് കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (Kerala Institutional Ranking Framework) - (KIRF). ഇത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കടന്നുവരുന്ന വിദ്യാർഥികളെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുവാൻ സഹായിക്കും. മാത്രമല്ല നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഇത് സജ്ജരാക്കും.

അദ്ധ്യാപകപരിശീലന പദ്ധതി  (8 കോടി)    
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികച്ച അധ്യാപകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് സെന്റർ ആരംഭിച്ചത്. Humanities & Social Science, Science, Commerce, Technology and Management എന്നീ സ്ട്രീമുകളിൽ അധ്യാപകർക്കായി പരിശീലനം സംഘടിപ്പിക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെൻറ് സെൻററിൻറെ ഉദ്ദേശലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്. മേൻമ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയിൽ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വർധിപ്പിക്കുക. അക്കാദമിക മേൻമ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയിൽ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വർദ്ധിപ്പിക്കുക.

പുതുതായി അദ്ധ്യാപകവൃത്തിയിൽ എത്തുന്നവർക്ക് പ്രാരംഭഘട്ടത്തിൽ തന്നെ പരിശീലനവും ദിശാബോധവും നൽകുക. നൂതന ബോധന സങ്കേതങ്ങളുടേയും ഉപകരണങ്ങളുടേയും ഉപയോഗത്തിൽ നൈപുണ്യം നേടാൻ അദ്ധ്യാപകരെ സഹായിക്കുക. അന്താരാഷ്ട്ര സ്വഭാവമുള്ള പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുക തുടങ്ങിയവ. 2019-20 മുതൽ 3500 ൽപരം അദ്ധ്യാപകർക്ക് നാളിതുവരെ പരിശീലനം നൽകിക്കഴിഞ്ഞു.

ഓൺലൈൻ ഡിജിറ്റൽ ശേഖരം (1 കോടി)  
സംസ്ഥാനത്തെ സർവകലാശാലകളിലെ വിവിധ വിഷയങ്ങളിലുള്ള യു.ജി/പി.ജി പ്രോഗ്രാമുകളുടെ പഠനസാമഗ്രികൾ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്‌പോർട്ടലിൽ ''ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്'' എന്ന ശീർഷകത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അദ്ധ്യാപകർ തയ്യാറാക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതായ ഈ സംഭരണിയിൽ ഇതിനോടകം 130ൽപ്പരം അദ്ധ്യാപകർ തയ്യാറാക്കിയ വിവിധ യു.ജി./പി.ജി പ്രോഗ്രാമുകളുടെ 2000 ലധികം pdf, word, audio, video, ppt, e-content ഉള്ളടക്കങ്ങൾ ലഭ്യമാണ്. ഇവയിൽ ഒട്ടുമിക്ക e-content കളും You Tube  ചാനലിലേക്കും കണക്ട് ചെയ്തിട്ടുണ്ട്.

എറുഡൈറ്റ് സ്‌കോളർ ഇൻ റെസിഡൻസ് പ്രോഗ്രാം (5 കോടി)    
സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക് സമൂഹത്തിന് നൊബേൽ ജേതാക്കളടക്കമുള്ള അക്കാദമിക് വിദഗ്ധരുമായി ആശയവിനിമയം നടത്താനും അതിലൂടെ അക്കാദമിക് നെറ്റ് വർക്ക് വികസിപ്പിക്കാനും വേണ്ടിക്കുടി വിഭാവനം ചെയ്തതാണ് എറുഡൈറ്റ് സ്‌കോളർ ഇൻ റസിഡൻസ് പദ്ധതി. ഇത്തരത്തിൽ സംസ്ഥാനം സന്ദർശിച്ച എറുഡൈറ്റ് സ്‌കോളർമാരുമായി ചേർന്ന് നിരവധി അക്കാദമിക പ്രൊജക്ടുകളും പ്രബന്ധങ്ങളും സംസ്ഥാനത്തെ സർവകലാശാല/ കോളേജ് അദ്ധ്യാപകരും ഗവേഷകരും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി അദ്ധ്യാപകർക്കും ഗവേഷകർക്കും വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദർശിക്കാനും/സഹകരിക്കാനും അവസരം ഇതുവഴി നൽകുന്നു.

കോളേജുകളുടെ ക്ലസ്റ്റർ പദ്ധതി (10 കോടി) (കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ  പുതിയ ക്ലസ്റ്റർ)
ഒരേ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും കോളേജുകൾ, മാനുഷികവും ഭൗതികവുമായ വിഭവങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും അതുവഴി ഈ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്ത്, ഉന്നതവിദ്യാഭ്യാസരംഗത്ത് മേൻമ കൈവരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യുജിസി നിർദ്ദേശാനുസരണമുള്ള ക്ലസ്റ്റർ ഓഫ് കോളേജസ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം, എർണാകുളം, കോഴിക്കോട് എന്നീ ക്ലസ്റ്ററുകൾ സർക്കാർ സാമ്പത്തിക സഹായത്തോടെ ഇതിനകം .ആരംഭിച്ചു.  പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ സർവേ (20 ലക്ഷം)
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വിവരശേഖരണം ലക്ഷ്യമിട്ട്, സംസ്ഥാനത്ത് ആദ്യമായി കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സർവേ ആരംഭിച്ചു. ഓൾ ഇന്ത്യാ ഹയർ എഡ്യൂക്കേഷൻ സർവേയുടെ മാത്യകയിൽ, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് കൗൺസിലിനെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ  State specific ആയ വിവരങ്ങളും സർവ്വേ സമാഹരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സ്വാശ്രയ കോളേജുകളും സർവകലാശാലകളും സർവേയുടെ പരിധിയിൽ വരും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുളള സർവേ പോർട്ടൽ വഴിയാണ് സ്ഥാപനങ്ങൾ വിവരങ്ങൾ നൽകേണ്ടത്. ഇതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നയരൂപീകരണത്തിനും ആസൂത്രണത്തിനും ഇത് പ്രയോജനകരമാണ്.
 

click me!