പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഡ്രസ് കോഡ് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇക്കാര്യം വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കും.
തിരുവനന്തപുരം: നീറ്റ് പരീക്ഷ (NEET Exam) നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളിൽ അടിവസ്ത്രങ്ങളെ കുറിച്ച് പ്രത്യേകിച്ച് നിർദ്ദേശങ്ങളൊന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നല്‍കിയിട്ടില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഡ്രസ് കോഡ് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇക്കാര്യം വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കും. മെറ്റൽ ഹുക്കുകൾ ഉള്ളത് കൊണ്ടാണ്, കൊല്ലത്തെ പരീക്ഷ കേന്ദ്രത്തിൽ പെൺകുട്ടികളോട് അടിവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡ്രസ് കോഡ് നിബന്ധനകളിൽ വസ്ത്രങ്ങളിലെ മെറ്റൽ ഹുക്കുകളെക്കുറിച്ച് നിബന്ധന ഇല്ല.
ഫുൾ സ്ലീവ് വസ്ത്രങ്ങൾ നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. ഫുൾസ്ലീവ് വസ്ത്രധാരണം മതവിശ്വാസം മൂലമോ മറ്റോ ഒഴിവാക്കാനാകാത്തതാണെങ്കിൽ, ഉദ്യോഗാർത്ഥി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. അതുപോലെ തന്നെ ഹീലുള്ള പാദരക്ഷകൾ അനുവദനീയമല്ല. ഉദ്യോഗാർത്ഥികൾ ആഭരണങ്ങൾ ധരിക്കരുത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾക്കും നിയന്ത്രണമുണ്ട്.
നീറ്റ് പരീക്ഷ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായവരുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു
ഉദ്യോഗാർത്ഥികളെ പരിശോധിക്കുന്ന ജീവനക്കാർക്ക് മിക്കപ്പോഴും പരീക്ഷാ നടത്തിപ്പിൽ പരിചയമോ പരിശീലനമോ ഉണ്ടായിരിക്കില്ല. ദേശീയതലത്തിൽ പരീക്ഷാ നടത്തിപ്പിനായി എൻടിഎ സ്വകാര്യ ഏജൻസികളെ നിയോഗിക്കും. സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള ഏജൻസികൾക്ക് കരാർ നൽകുകയാണ് എൻടിഎ ചെയ്യുന്നത്. കരാർ ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളായി ലിസ്റ്റുചെയ്തിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷാ നടത്തിപ്പിന് അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ പിന്തുണയും നൽകാറുണ്ട്.