എറണാകുളം ജില്ലയിൽ ​ഗണിതം പാഠ്യപദ്ധതിക്ക് തുടക്കം; ശാസ്ത്രവിഷയങ്ങളിലെ മികവും ലക്ഷ്യം

By Web Team  |  First Published Aug 19, 2022, 4:35 PM IST

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രധാനമായും കണക്ക് പഠനത്തിലും ഒപ്പം കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളിലും മികവും വ്യക്തിത്വവികാസവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഗണിതം പാഠ്യപരിപാടി.


വൈപ്പിൻ: ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പഠന മികവ് ലക്ഷ്യമിട്ടു കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഗണിതം  പാഠ്യപദ്ധതിക്ക് ഓഗസ്റ്റ് 19 വെള്ളിയാഴ്ച തുടക്കം കുറിക്കും. രാവിലെ ഒൻപതിന് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസിൽ ജസ്റ്റിസ് കെ.കെ ദിനേശൻ ഉദ്ഘാടനം നിർവ്വഹിക്കും.  ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രധാനമായും കണക്ക് പഠനത്തിലും ഒപ്പം കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളിലും മികവും വ്യക്തിത്വവികാസവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഗണിതം പാഠ്യപരിപാടി.

ഇൻസൈറ്റ്‌ ഫോർ ഇന്നോവേഷൻ നടത്തുന്ന പ്രോജക്‌ട് ഗണിതം പെട്രോനെറ് സി.എസ്‌.ആർ സംരംഭത്തിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇൻസൈറ്റ്‌ വിദഗ്‌ധ പരിശീലനം നൽകിയ വൊളന്റിയർമാർ, വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ക്ലാസുകളെടുക്കും. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ഹൈസ്‌കൂൾ തലത്തിലേക്കെത്തുമ്പോൾ ആശയങ്ങൾ മനസിലാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ശാസ്ത്രമേഖലകളിൽ ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ ഈ സാഹചര്യം വിദ്യാർത്ഥികൾക്ക് പ്രതിബന്ധമാണ്. ഇത് തിരിച്ചറിഞ്ഞ് സ്‌കൂളുകൾക്ക് പിന്തുണ നൽകാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു കുട്ടികൾക്ക് ഒരു വൊളന്റിയർ എന്ന നിലയിലായിരിക്കും പരിപാടിയുടെ ക്രമീകരണം. നല്ല ശീലങ്ങൾ വികസിപ്പിക്കുന്നതിനും പ്രചോദനം പകരുന്നതിനും മെന്റേഴ്സിനെയും നിയോഗിക്കും. ഗണിതത്തോടൊപ്പം ശരിയായ പഠനമുറകൾ പരിശീലിക്കുന്നതിന് ക്ലാസുകളും ഉണ്ടാകും.

Latest Videos

അപേക്ഷ തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം, അച്ചടി മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), ഫോട്ടോഗ്രാഫി സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ  മികച്ച ഓരോ വ്യക്തികൾക്ക് അവാർഡ് നൽകും. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റോരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ആവാം. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/ യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.  ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുക. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നൽകും. അപേക്ഷാഫോറം അതാത് ജില്ല യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ വെബ്സൈറ്റിലും ലഭിക്കും.(www.ksywb.kerala.gov.in). കൂടുതൽ വിവരങ്ങൾക്ക് : 0484 2428071.

 

click me!