വിദ്യാർഥികൾ പൊതുപ്രവർത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത് എന്നാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കോഴിക്കോട്: വാഹനങ്ങൾ അതിവേഗതയിൽ പോകുന്നത് മൂലം സ്കൂളിന് മുന്നിലെ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടാണെന്നും സഹായിക്കുമോ എന്നും ചോദിച്ച് ശിവാനി അയച്ച കത്തിൽ ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വട്ടോളി ഗവൺമെന്റ് യു.പി. സ്കൂൾ 4 ബി-യിൽ പഠിക്കുന്ന ശിവാനി.ആർ. എന്ന കൊച്ചുമിടുക്കിയാണ് സ്കൂളിന് മുന്നിലെ ഗതാഗത പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് കത്തയച്ചത്.
സ്കൂളിന്റെ മുന്നിലെ റോഡ് മുറിച്ചുകടക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും വണ്ടികളൊക്കെ വളരെ വേഗത്തിലാണ് പോകുന്നത്. സ്കൂളിന്റെ മുന്നിലുള്ള സീബ്രാ ലൈനിന്റെ അടുത്തുപോലും വേഗത കുറക്കില്ലെന്നും ശിവാനി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. രാവിലെയും വൈകിട്ടും സ്കൂൾ സമയത്ത് ഇതിലെ പോകുന്ന വാഹനങ്ങളുടെ വേഗത കുറക്കാൻ എന്തെങ്കിലും ചെയ്യാമോ എന്നും ഇവിടെ പൊലീസുകാരെ നിർത്താമോ എന്നും കത്തിൽ ശിവാനി പ്രിയപ്പെട്ട മന്ത്രിയോട് ചോദിച്ചത്.
undefined
ശിവാനിയുടെ കത്ത് കൈപ്പറ്റിയെന്നും കത്തിൻമേൽ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾ പൊതുപ്രവർത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത് എന്നാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ''വട്ടോളി ഗവൺമെന്റ് യു.പി. സ്കൂൾ 4 ബി-യിൽ പഠിക്കുന്ന ശിവാനി.ആർ. അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായിട്ടുണ്ട്. എനിക്ക് അയച്ച കത്ത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരുന്നു. ശിവാനിയുടെ സ്കൂളിനു മുന്നിൽ സ്കൂൾ സമയത്ത് റോഡ് മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സേവനം ലഭ്യമാക്കി എന്നറിയിച്ചുകൊണ്ട് കോഴിക്കോട് റൂറൽ ഡി.വൈ.എസ്.പി. ശിവാനിക്ക് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർഥികൾ പൊതുപ്രവർത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത്. അഭിനന്ദനങ്ങൾ.'' മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.