ഓണേഴ്സ് വിത്ത് റിസർച്ച്, മൾട്ടിപ്പിൾ എക്സിറ്റ്എൻട്രി, 1 വർഷംകൂടി പഠിച്ചാൽ പിജി; ബിരുദം 4 വർഷമായാൽ ഗുണങ്ങളുണ്ട്

By Web Team  |  First Published Jan 3, 2024, 11:18 AM IST

മൂന്നില്‍ നിന്ന് നാല് വര്‍ഷമായി ബിരുദ കാലയളവ് മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് ഗുണമെന്നും പാഠ്യപദ്ധതിയിലെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം


തിരുവനന്തപുരം: ഇന്ത്യയിലെയും വിദേശത്തെയും ഉന്നത പഠന, തൊഴില്‍ സാധ്യതകളെ ലക്ഷ്യംവയ്ക്കുന്ന പഠന പരിഷ്കാരമാണ് നാല് വര്‍ഷ ബിരുദം. മൂന്നില്‍ നിന്ന് നാല് വര്‍ഷമായി ബിരുദ കാലയളവ് മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് ഗുണമെന്നും പാഠ്യപദ്ധതിയിലെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം... 

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വര്‍ഷ ഡിഗ്രി ഇതിനോടകം ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിലെ സര്‍വകലാശാലകളും പുത്തന്‍ സമ്പ്രദായത്തിലേക്ക് വഴിമാറുന്നത്. മള്‍ട്ടിപ്പിള്‍ എക്സിറ്റ് എന്‍ട്രി വ്യവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതായത് പഠനത്തിന്‍റെ ഏത് കാലയളവിലും അതുവരെയുള്ള യോഗ്യതാ രേഖകളുമായി വിദ്യാര്‍ഥിക്ക് പുറത്തുപോകാം.

Latest Videos

undefined

ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റ് കോഴ്സ്, രണ്ടാം വര്‍ഷം ഡിപ്ലോമ, മൂന്നാം വര്‍ഷം നിലവിലെപ്പോലെ തന്നെ ബിരുദം. നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്സ് ബിരുദം. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി പുറത്തുപോയാലും നാലാം വര്‍ഷ കോഴ്സിന് പിന്നീട് വന്നു ചേരാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഈ നാലാം വര്‍ഷം ഗവേഷണം കൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഓണേഴ്സ് വിത്ത് റിസേര്‍ച്ച് ബിരുദം കയ്യിലിരിക്കും. ഇതാണ് ചുരുക്കത്തില്‍ നാലു വര്‍ഷ ഡിഗ്രിയുടെ പ്രത്യേകത എങ്കിലും തല്‍ക്കാലം കേരളത്തില്‍ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ എക്സിറ്റ് സൗകര്യമില്ല എന്നത് ന്യൂനതയാണ്. അത് ഭാവിയില്‍ വന്നേക്കാം. 

പരീക്ഷകളില്‍ പ്രാധാന്യം ഓര്‍മയ്ക്കല്ല, മറിച്ച് അറിവിന് എന്നതാണ് ഒരു പ്രത്യേകത. സിലബസ് കാലികമാകും. ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. തൊഴില്‍ ക്ഷമതയ്ക്കും ഭാഷാ മികവിനും ഫൌണ്ടേഷന്‍ കോഴ്സുകളുണ്ടാവും. മള്‍ട്ടി ഡിസിപ്ലിനറി പഠന സാധ്യതയാണ് മറ്റൊരു പ്രത്യേകത. നാല് വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ പിഎച്ച്ഡി പ്രവേശന സാധ്യതയുണ്ട്. നാല് വര്‍ഷത്തിനു ശേഷം ഒരു വര്‍ഷം കൂടി പഠിക്കാന്‍ കഴിഞ്ഞാല്‍ പിജി സ്വന്തമാക്കാം. വിദേശ സര്‍വകലാശാലകളില്‍ മാസ്റ്റേഴ്സ് പ്രവേശനത്തിന് ഒരു വര്‍ഷം ലാഭിക്കാം. 

വിദ്യാഭ്യാസ മേഖലയിലെ ഈ പരിഷ്കാരം നടപ്പാക്കാന്‍ ക്ലാസുകളുടെ എണ്ണവും പശ്ചാത്തല സൗകര്യവും വര്‍ധിപ്പിക്കേണ്ടി വന്നേക്കും. എങ്കിലും നാല് വര്‍ഷ ഡിഗ്രിയിലൂടെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

click me!