സ്‌കൂൾ വിദ്യാർത്ഥികളിൽ ജിജ്ഞാസയുടെയും നൂതനാശയങ്ങളുടെയും മനോഭാവം വളർത്തണം: ഉപരാഷ്‌ട്രപതി

By Web Team  |  First Published Jun 30, 2022, 11:44 AM IST

വിദ്യാർത്ഥികളെ സ്വന്തം നിലയ്ക്ക് ചിന്തിക്കാനും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പരിശീലിപ്പിക്കണമെന്നും വിദ്യാഭ്യാസത്തോടുള്ള ഒരു ഭാവി സമീപനത്തിന് ആഹ്വാനം ചെയ്തുകൊണ്ട്  നായിഡു പറഞ്ഞു.
 


ദില്ലി: സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ (students) വിദ്യാർത്ഥികളിൽ ജിജ്ഞാസ, നൂതനാശയം , മികവ് എന്നിവ വളർത്തിയെടുക്കാൻ (M. Venkaiah Naidu) ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് രാജ്യത്തുടനീളമുള്ള സ്കൂളുകളോട് അഭ്യർത്ഥിച്ചു. പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവാണ്  വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച നൈപുണ്യമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു .  വിദ്യാർത്ഥികളെ സ്വന്തം നിലയ്ക്ക് ചിന്തിക്കാനും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പരിശീലിപ്പിക്കണമെന്നും വിദ്യാഭ്യാസത്തോടുള്ള ഒരു ഭാവി സമീപനത്തിന് ആഹ്വാനം ചെയ്തുകൊണ്ട്  നായിഡു പറഞ്ഞു.

ചെന്നൈയ്ക്ക് സമീപം വിഐടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സംരംഭമായ വെല്ലൂർ ഇന്റർനാഷണൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഒരു കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ  നായിഡു, വിദ്യാർത്ഥികൾ കൂടുതൽ സമയം ക്ലാസ് മുറിയുടെ നാല് ചുവരുകളിൽ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ ചെലവഴിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു.

Latest Videos

പുറത്തെ ലോകം അനുഭവിച്ചറിയാനും പ്രകൃതിയുടെ മടിത്തട്ടിൽ സമയം ചെലവഴിക്കാനും  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകാനും  വിവിധ കരകൗശല രീതികൾ  മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്ലാസ് റൂം പഠനത്തിന്  അനുബന്ധമായി ഫീൽഡ് പ്രവർത്തനങ്ങൾക്കും സാമൂഹിക അവബോധത്തിനും ഊന്നൽ നൽകണമെന്ന്  നായിഡു ആവശ്യപ്പെട്ടു . കൂടാതെ ചെറുപ്രായത്തിൽ തന്നെ  വിദ്യാർത്ഥികളിൽ സേവന മനോഭാവവും രാജ്യസ്‌നേഹവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂളുകളിലെ പഠനമാധ്യമമെന്ന നിലയിൽ മാതൃഭാഷയുടെ പ്രാധാന്യം എടുത്തു പറഞ്ഞ ഉപരാഷ്ട്രപതി ,വിദ്യാർത്ഥികളെ അവരുടെ സാമൂഹിക ചുറ്റുപാടിൽ  മാതൃഭാഷയിൽ സ്വതന്ത്രമായി സംസാരിക്കാൻ  പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു . സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും സ്വന്തം മാതൃഭാഷയിൽ സംസാരിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ സാംസ്കാരിക പൈതൃകത്തെ ശരിയായി  വിലമതിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

മാതൃഭാഷയ്‌ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രാവീണ്യം ,സാംസ്‌കാരിക പാലങ്ങൾ കെട്ടിപ്പടുക്കുന്നതിനും അനുഭവത്തിന്റെ പുതിയ ലോകങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയോ എതിർക്കുകയോ ചെയ്യരുത്" എന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഒരാൾ കഴിയുന്നത്ര ഭാഷകൾ പഠിക്കണമെന്നും എന്നാൽ മാതൃഭാഷയ്ക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ഉറപ്പാക്കുന്നതിന് പതിവായി കായിക  പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും നായിഡു സ്കൂളുകളോട് അഭ്യർത്ഥിച്ചു. ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് കായികമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമമോ ഉത്സാഹത്തോടെ ചെയ്യാൻ  അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.
 

click me!