പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി

By Web Team  |  First Published Jun 13, 2022, 3:56 PM IST

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 71 ഓഫീസുകള്‍  ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ (general department) ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി (V Sivankuuty). കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോധപൂര്‍വം ഫയലുകള്‍ വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പിന്തുണ ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 71 ഓഫീസുകള്‍  ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാണ്. തപാലുകളും ഫയലുകളും സുതാര്യമായും വേഗത്തിലും നടപ്പാക്കാന്‍ ഇ - ഓഫീസ് സൗകര്യത്തിലൂടെ സാധിക്കും. എയ്ഡഡ് മേഖലയെ ബുദ്ധിമുട്ടിക്കുന്ന നയങ്ങള്‍ വകുപ്പിനില്ലെന്നും എല്ലാവരോടും നീതിപുലര്‍ത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് വിഭാഗത്തിന്റെ ഒരു കണ്ണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Latest Videos

ആറ്റിങ്ങല്‍ പ്രീ പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിച്ച മന്ത്രി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 56.6 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചു. സ്വാതന്ത്ര്യസമര ചരിത്രമുള്ള ആറ്റിങ്ങലില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപ്രധാന നിമിഷത്തിന് തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍ ഡി. ഇ. ഒ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. കുമാരി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിന്ദു ജി. ഐ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

click me!