റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍ സെക്കന്‍ററി എന്നീ പരീക്ഷകളും നടത്തുകയുണ്ടായി.
തിരുവനന്തപുരം: ഹയര്‍സെക്കന്‍ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി (plus two result 2022) രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ ആകെ 2028 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 83.87%. കഴിഞ്ഞ വര്‍ഷം 87.94%ആയിരുന്നു. 2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടത്തിയത്. ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2005 ( കേരളത്തിനുള്ളില്‍-1988 ഗള്‍ഫ്-8, ലക്ഷദ്വീപ്-9 ) പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍ സെക്കന്‍ററി എന്നീ പരീക്ഷകളും നടത്തുകയുണ്ടായി.
സ്കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ടുള്ള അദ്ധ്യയനം നടത്തുവാന്‍ സാധിച്ചിരുന്നില്ല എന്നതു കണക്കിലെടുത്ത് പരീക്ഷക്ക് ഫോക്കസ് ഏരിയയും നോണ്‍ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു. 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങളും 40 ശതമാനം നോണ്‍ഫോക്കസ് ഏരിയയിൽ നിന്ന് 30 ശതമാനം ചോദ്യങ്ങളും ഓരോ ഏരിയയ്ക്കും 50 ശതമാനം വീതം അധികചോദ്യങ്ങളും നല്‍കിയാണ് പരീക്ഷ നടത്തിയത്.
ഹയര്‍സെക്കന്‍ററിക്ക് 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു. ഹയര്‍സെക്കന്‍ററിയില്‍ 21,832 (ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ട്) അദ്ധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,401 (മൂവായിരത്തി നാനൂറ്റി ഒന്ന്) അദ്ധ്യാപകരും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. 2022ഏപ്രില്‍ 28 മുതല്‍ മെയ് 31 വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തെ പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്. 2022മെയ് 3 മുതല്‍ മെയ് 31 വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു.
2022 മെയ് 31 ന് പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തിയായതിനു ശേഷം കേവലം 20 ദിവസങ്ങള്‍ കൊണ്ട് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിലേക്ക് എത്തി. അതേ സമയം 2022 ജൂണ്‍ 13 മുതല്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിഎച്ച്എസ്ഇ ,പ്ലസ് ടു പൊതു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ചാണ് ഈ വര്‍ഷത്തെ റിസള്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്‍റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി 2022ജൂലൈ 25 മുതല്‍ സേ (സേവ് എ ഇയര്‍)/ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതാണ്.