''മൂന്ന് വിഷയങ്ങൾക്കായി ടൈം ടേബിൾ തയ്യാറാക്കി. ഓരോ വിഷയങ്ങളും രണ്ട് മണിക്കൂർ വീതം പഠിച്ചു. ബാക്കി വരുന്ന രണ്ട് മണിക്കൂർ പഠിച്ച കാര്യങ്ങളെല്ലാം റിവിഷൻ ചെയ്യാൻ ഉപയോഗിച്ചു...''
ദില്ലി: ഇത്തവണ ജെഇഇ മെയിൻ 2022 പരീക്ഷയിൽ 100 ശതമാനം മാർക്ക് നേടിയ 24 വിദ്യാർത്ഥികളിൽ ഒരാളാണ് തെലങ്കാന സ്വദേശിയായ ധീരജ്. പരീക്ഷക്കായി കഠിനാധ്വാനം ചെയ്തിരുന്നുവെന്നും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും പതിനേഴുകാരനായ ധീരജ് ആത്മവിശ്വാസത്തോടെ പറയുന്നു. കൃത്യമായ പ്ലാനിംഗോടെയാണ് ഈ വിദ്യാർത്ഥി ജെഇഇ പരീക്ഷയെ നേരിടാനൊരുങ്ങിയത്. സ്വയം പഠനമാണ് ധിരജ് തെരഞ്ഞെടുത്തത്. ഒരു ദിവസം എട്ട് മണിക്കൂറിലധികം പഠനത്തിനായി മാറ്റിവെച്ചു.
'മൂന്ന് വിഷയങ്ങൾക്കായി ടൈം ടേബിൾ തയ്യാറാക്കി. ഓരോ വിഷയങ്ങളും രണ്ട് മണിക്കൂർ വീതം പഠിച്ചു. ബാക്കി വരുന്ന രണ്ട് മണിക്കൂർ പഠിച്ച കാര്യങ്ങളെല്ലാം റിവിഷൻ ചെയ്യാൻ ഉപയോഗിച്ചു.' നൂറ് ശതമാനം വിജയം നേടാൻ ഉപയോഗിച്ച ടിപ്സുകളെക്കുറിച്ച് ധീരജിന്റെ വാക്കുകൾ. എന്നാൽ ജെഇഇ പരീക്ഷക്ക് തയ്യാെടുക്കുന്നവരോട് ധീരജിന് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, 'പരീക്ഷയെന്ന് കേട്ട് പരിഭ്രാന്തരാകണ്ട' എന്നാണ്. സ്വയം പഠിക്കുന്ന സമയത്ത് ഇടവേളകൾ എടുത്ത് പഠിക്കാൻ ശ്രമിക്കുക. 'ചെറിയ ഇടവേളകൾക്ക് ശേഷം പഠനം തുടരുന്നത്, ഒരിക്കലും പഠനത്തിന് തടസ്സമാകില്ല. മറിച്ച് കൂടുതൽ പ്രയോജനപ്പെടുകയേ ഉള്ളൂ.' ധീരജ് വ്യക്തമാക്കുന്നു. ടേബിൾ ടെന്നീസും കാരംസുമാണ് തന്റെ ഇഷ്ടവിനോദങ്ങളെന്നും ധീരജ് കൂട്ടിച്ചേർക്കുന്നു.
'പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ടൈം മാനേജ്മെന്റ്. ഒട്ടും സമയം പാഴാക്കാതെ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. ഒരു നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത പാഠഭാഗങ്ങൾ പഠിച്ചു തീർക്കുമെന്ന് സ്വയം തീരുമാനിക്കണം. ഓരോ ചോദ്യത്തിനും എത്ര സമയം ചെലവഴിക്കുന്നു എന്ന് കൃത്യമായി പരിശോധിക്കുകയും വേണം.' പരീക്ഷക്കായുള്ള തയ്യാറെടുപ്പിൽ കുടുംബാംഗങ്ങൾ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്നും ധീരജ് പറഞ്ഞു.
കോവിഡ്-19 നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം സ്വയം പഠിക്കാൻ കൂടുതൽ സമയം അനുവദിച്ചുവെന്നും ധീരജ് അവകാശപ്പെടുന്നു. ഐഐടി ബോംബെയിൽ കമ്പ്യൂട്ടർ സയൻസ് പ്രവേശനം നേടാനാണ് ധീരജിന്റെ തീരുമാനം. ജെഇഇ മെയിൻ സെഷൻ 2ൽ ഫിസിക്‌സിൽ 99 ശതമാനവും കെമിസ്ട്രിയിലും മാത്തമാറ്റിക്‌സിലും 100 ശതമാനവും സ്‌കോർ ചെയ്തിട്ടുണ്ട്. ജെഇഇ മെയിൻ സെഷൻ ഒന്നിൽ മൂന്ന് വിഷയങ്ങളിലും 100 ശതമാനം സ്‌കോർ ചെയ്തു. കഴിഞ്ഞ മാർച്ച് മാസത്തിൽ ജെഇഇ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നെന്നും ധീരജ് പറയുന്നു.