തെരുവിലെ ബാല്യങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ പൊലീസുകാരൻ, വൈറലാണ് ധാൻ സിംഗ് പാഠശാല

By Web Team  |  First Published Oct 12, 2023, 12:00 PM IST

ദില്ലിയിലെ തെരുവിൽ കഴിയുന്ന കുട്ടികൾക്കായി പാഠശാല ഒരുക്കിയിരിക്കുകയാണ് ധാൻ സിംഗ് എന്ന ഹെഡ് കോൺസ്റ്റബിൾ. നിരവധി കു‌ട്ടികളാണ് ധാൻ സിം​ഗിന്റെ വിദ്യാലയത്തിലേക്ക് അക്ഷര വെളിച്ചം തേടിയെത്തുന്നത്.


ദില്ലി: കുട്ടികളുടെ ജീവിതത്തിലേക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നൽകുന്നവരാണ് അധ്യാപകർ. എന്നാൽ ദില്ലിയിലെ ഈ തെരുവില്‍ ഒരു പൊലീസുകാരനാണ് കുട്ടികൾക്ക് അറിവിന്റെ വെളിച്ചമായി നില്‍ക്കുന്നത്. ദില്ലിയിലെ തെരുവിൽ കഴിയുന്ന കുട്ടികൾക്കായി പാഠശാല ഒരുക്കിയിരിക്കുകയാണ് ധാൻ സിംഗ് എന്ന ഹെഡ് കോൺസ്റ്റബിൾ. നിരവധി കു‌ട്ടികളാണ് ധാൻ സിം​ഗിന്റെ വിദ്യാലയത്തിലേക്ക് അക്ഷര വെളിച്ചം തേടിയെത്തുന്നത്.

അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ധാൻ സിംഗ് അങ്കിളിനെ പോലെ പൊലീസ് ആവാനാണ് ഇവിടെയെത്തുന്ന മിക്കവർക്കും ആഗ്രഹം. ദാരിദ്ര്യം മൂലം സ്കൂളിൽ പോവാനാവാതെ തെരുവിലും ചേരികളിലുമായി അലയുകയായിരുന്നു ഇവിടെയെത്തുന്നവരില്‍ പലരും. അക്ഷരങ്ങൾ അറിയാത്തതും സ്കൂൾ പ്രവേശനത്തിന് വെല്ലുവിളിയായി. ധാൻ സിംഗ് പാഠശാലയിൽ വന്നതോടെ കാര്യങ്ങൾ മാറി. ഇപ്പോൾ എല്ലാവരും ഹാപ്പിയായി സ്കൂളിൽ പോകുന്നുണ്ട്. അങ്കിളാണ് വായിക്കാനും എഴുതാനും പഠിപ്പിച്ചത്. സ്കൂളിൽ അഡ്മിഷനും ശരിയാക്കി.

Latest Videos

undefined

ഡ്യൂട്ടിക്കിടയിലാണ് ധാൻ സിംഗ് കുപ്പിയും കവറും പെറുക്കി നടക്കുന്ന കുട്ടികളെ കണ്ടത്. ആ കാഴ്ച മനസിനെ സ്പർശിച്ചു. തന്റെ ബാല്യവും തെരുവിലായിരുന്നുവെന്നും അതിനാൽ വിദ്യാഭ്യാസത്തിന്റെ മൂല്യം നന്നായി അറിയാമെന്നും ധാൻ സിംഗ് പറയുന്നു. സ്കൂളിലെ പോലെയുള്ള പഠനം, കുട്ടികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നൽകണമെന്നാണ് ആശിക്കുന്നത്. ഇപ്പോൾ കുട്ടികൾക്ക് ഒരു പ്രതീക്ഷയുണ്ടെന്നും ഇദ്ദേഹം പറയുന്നു. 2015 ൽ 4 കുട്ടികളെ വച്ചാണ് പാഠശാലയുടെ തുടക്കം. ഇപ്പോൾ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 85 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ജോലിത്തിരക്കിനടിയിൽ ധാൻ സിംഗിന് എപ്പോഴും ഓടി എത്താൻ സാധിക്കാത്തതിനാൽ പഠിപ്പിക്കാനായി കോളേജ് വിദ്യാർഥികളും എത്തുന്നുണ്ട്. ആദ്യം ധാൻ സിംഗിൻ്റെ സ്വന്തം ചെലവിൽ ആയിരുന്നു പാഠശാലയുടെ പ്രവർത്തനമെങ്കിലും ഇപ്പോൾ സന്നദ്ധ സംഘടനകളും ദില്ലി പൊലീസും ഈ സമാന്തര സ്കൂളിനെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ഒട്ടേറെ കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം പകരുകയാണ് ധാൻ സിംഗൻ്റെ ഈ പാഠശാല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!