എൻ ഐ ആർ എഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജുകളാണെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി
തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങിൽ കേരളം മികവ് കാട്ടിയെന്ന് വ്യക്തമാക്കി സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റില്‍ കേരള സർവ്വകലാശാല 9-ാം റാങ്കും കൊച്ചിന്‍ സർവ്വകലാശാല (കുസാറ്റ്) 10 -ാം റാങ്കും മഹാത്മാ ഗാന്ധി (എം ജി) സര്‍വ്വകലാശാല 11 -ാം റാങ്കും കാലിക്കറ്റ് സര്‍വ്വകലാശാല 43 -ാം റാങ്കുമാണ് കരസ്ഥമാക്കിയെന്നും പിണറായി വിജയൻ വിവരിച്ചു.
സര്‍വ്വകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സര്‍വ്വകലാശാല 38 ഉം കുസാറ്റ് 51 ഉം എം ജി സര്‍വ്വകലാശാല 67 ഉം റാങ്കുകള്‍ നേടിയെന്നും മുഖ്യമന്ത്രി വിശദമാക്കി. എൻ ഐ ആർ എഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജുകളാണെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി. ഇതടക്കം അഭിമാനകരമായ നേട്ടങ്ങളാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
undefined
ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിപുലമായ ഇടപെടലുകളാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ ഐ ആർ എഫ് റാങ്കിങ് ലിസ്റ്റിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ മികച്ച മുന്നേറ്റം നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം