12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
ദില്ലി: ക്ലാറ്റ് 2023 രജിസ്ട്രേഷൻ (CLAT 2023) നടപടികൾ ഇന്ന്, ആഗസ്റ്റ് 8 മുതൽ ആരംഭിച്ചതായി ദ് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു. താത്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in. വഴി ക്ലാറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം. 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ബിരുദത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. CLAT 2023 ബ്രോഷറും അപേക്ഷാ തീയതികളും ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കും.
CLAT 2023 യോഗ്യതാ മാനദണ്ഡം
യുജി പ്രോഗ്രാം അപേക്ഷ
അപേക്ഷകർക്ക് കുറഞ്ഞത് 45 ശതമാനം മാർക്കോടെ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കണം. എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ പാസ് മാർക്ക് 40 ശതമാനമാണ്. യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും CLAT-ൽ ഹാജരാകാൻ അർഹതയുണ്ട്.
പിജി പ്രോഗ്രാം
അപേക്ഷകർ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽഎൽബി ബിരുദമോ തത്തുല്യ പരീക്ഷയോ ഉണ്ടായിരിക്കണം, എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ പാസ് മാർക്ക് 45 ശതമാനമാണ്. യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ക്ലാറ്റ് ചോദ്യപേപ്പറിൽ ഒരു മാർക്കിന്റെ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) അടങ്ങിയിരിക്കുന്നു. പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ (120 മിനിറ്റ്) ആയിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കുണ്ടാകും. രണ്ട് മണിക്കൂർ (120 മിനിറ്റ്) ആണ് ക്ലാറ്റ് പിജി പരീക്ഷയുടെ ദൈർഘ്യം. ഉദ്യോഗാർത്ഥികൾ 1 മാർക്കിന്റെ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.
ഇന്ത്യയിലെ ഉന്നത നിയമപഠന സര്‍വ്വകലാശാലകളിലെയും ഏതാനും സ്വകാര്യ സര്‍വ്വകലാശാലകളിലെയും ലോ കോളെജുകളിലെയും ബിരുദ, ബിരുദാനന്തര നിയമ പഠന കോഴ്സുകളിലേയ്ക്ക് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) ഉള്‍പ്പെടെ 22 ദേശീയ നിയമ സര്‍വകലാശാലകളാണ് ക്ലാറ്റ് പരിധിയില്‍ വരുന്നത്.