സിവിൽ സർവീസിൽ 'പാലാ'ച്ചിരി; ഗഹനയുടെ ആറാം റാങ്കിന് തങ്കത്തിളക്കം; സ്വപ്നനേട്ടം സാധ്യമായത് സ്വപ്രയത്നത്തിൽ

By Web Team  |  First Published May 23, 2023, 4:53 PM IST

ആദ്യ ശ്രമത്തിൽ പ്രിലിമിനറി പാസാകാതിരുന്ന ഗഹന, പിന്നീട് കഠിനാധ്വാനത്തിലൂടെ രണ്ടാമത്തെ ശ്രമത്തിൽ ലക്ഷ്യം നേടുകയായിരുന്നു


കോട്ടയം: ഏറെക്കാലത്തെ പഠനത്തിലൂടെയും, മികച്ച അധ്യാപകരുടെ ശിക്ഷണത്തിലുമാണ് പലരും സിവിൽ സർവീസ് എന്ന സ്വപ്നം സാധ്യമാക്കുന്നത്. എന്നാൽ ഇക്കുറി കേരളത്തിന് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ അഭിമാന നേട്ടം നൽകിയത് പാലാ മുത്തോലി സ്വദേശി ഗഹന നവ്യ ജെയിംസാണ്. ആറാം റാങ്ക് നേടി പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയ ഗഹനയുടെ നേട്ടത്തിന് തങ്കത്തിളക്കമുണ്ട്.

പ്രത്യേക പരിശീലനമൊന്നും നേടാതെ, കോച്ചിങിന് പോകാതെ, സ്വയം നിലയിൽ പഠിച്ച് പരീക്ഷയെഴുതിയാണ് രണ്ടാമത്തെ ശ്രമത്തിൽ ഗഹന സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്. ചെറുപ്പം മുതൽ സിവിൽ സർവീസ് ലക്ഷ്യമിട്ട് നടത്തിയ യാത്രയാണ് ഈ 25 വയസുകാരിയെ ഇത്തവണ ലക്ഷ്യത്തിലെത്തിച്ചിരിക്കുന്നത്.

Latest Videos

undefined

'ചെറുപ്പം മുതൽ സിവിൽ സർവീസിൽ എത്തണമെന്ന് ആഗ്രഹമായിരുന്നു. സ്വന്തമായാണ് പരീക്ഷയ്ക്ക് പഠിച്ചത്,' - ഗഹന പറഞ്ഞു. പത്താം ക്ലാസ് വരെ സിബിഎസ്ഇ സിലബസിൽ പഠിച്ച ഗഹന, പ്ലസ് ടു വിന് ഹ്യുമാനിറ്റീസാണ് തിരഞ്ഞെടുത്തത്. പാലാ അൽഫോൺസാ കോളേജിൽ നിന്ന് ബിഎ ഹിസ്റ്ററി ഉയർന്ന മാർക്കോടെ പാസായ ശേഷം പാലാ സെന്റ് തോമസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് ജെആർഎഫ് നേടി എംജി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് വീണ്ടും ശ്രമിച്ചത്.

ആദ്യ ശ്രമത്തിൽ പ്രിലിമിനറി പാസാകാതിരുന്ന ഗഹന, പിന്നീട് കഠിനാധ്വാനത്തിലൂടെ രണ്ടാമത്തെ ശ്രമത്തിൽ ലക്ഷ്യം നേടുകയായിരുന്നു. എന്നാൽ ഐഎഎസല്ല, മറിച്ച് ഐഎഫ്എസാണ് തന്റെ ആദ്യ പരിഗണനയെന്നും ഗഹന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യൻ ഫോറിൻ സർവീസിലുള്ള അമ്മാവനാണ് ഗഹനയുടെ പ്രചോദനം. പാലാ സെൻറ് തോമസ് കോളജിലെ റിട്ടയേർഡ് അധ്യാപകൻ ടി കെ ജയിംസിന്റെയും സംസ്കൃത സർവകലാശാല മുൻ അധ്യാപിക ദീപ ജോർജിന്റെയും മകളാണ് ഗഹന. 

click me!