ആദ്യഘട്ടത്തില്‍ നിശ്ചിത യോഗ്യതയുള്ള പരമാവധി 40 പേരെ താമസ-ഭക്ഷണ സൗകര്യത്തോടെ തിരുവനന്തപുരത്തു നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള സംസ്ഥാനതല ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കും.
തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാരായ യുവതീ-യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുമ്പ് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.
ആദ്യഘട്ടത്തില്‍ നിശ്ചിത യോഗ്യതയുള്ള പരമാവധി 40 പേരെ താമസ-ഭക്ഷണ സൗകര്യത്തോടെ തിരുവനന്തപുരത്തു നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള സംസ്ഥാനതല ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കും. സിവില്‍ സര്‍വീസ് പ്രത്യേക നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തിയ ഓറിയന്റേഷന്‍ ക്യാമ്പിന് ശേഷം നടക്കുന്ന സ്‌ക്രീനിങ് ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 20 മത്സരാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോച്ചിങ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിനുള്ള അവസരം നല്‍കും. ഇവര്‍ക്കുള്ള ട്രെയിന്‍ യാത്രാചെലവ്, കോഴ്സ് ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ ചെലവുകള്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. പ്രിലിമിനറി പരീക്ഷാ ഫലം വരുന്നത് വരെ ആവശ്യമായി വരുന്ന പക്ഷം പരമാവധി രണ്ട് വര്‍ഷം വരെയുള്ള താമസ സൗകര്യം സര്‍ക്കാര്‍ അനുവദിക്കും.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള അര്‍ഹരാവയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റേയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിലാസം ഡയറക്ടര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം - 695033, ഫോണ്‍-04931 220315.