മികച്ച കരിയർ തെരഞ്ഞെടുപ്പ് കൂടിയാണ് യോഗ. കൂടാതെ ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള സ്വാഭാവിക മാർഗമാണിത്.
മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സമന്വയിപ്പിക്കാൻ സഹായിക്കുന്ന ഒരു വ്യായാമവും അച്ചടക്കവും ശാസ്ത്രവുമാണ് (yoga) യോഗ. യോഗ പരിശീലനം മനസ്സിനെയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന ഒരു ജീവിത ശൈലി കൂടിയാണ്. പ്രാചീന കാലം മുതൽ നിലനിൽക്കുന്ന ഒന്നാണ് യോഗ. തിരക്കേറിയ ആധുനിക ലോകത്തിന്റെ സമ്മർദ്ദം കുറക്കാൻ വ്യക്തികൾ യോഗ പരിശീലിക്കുന്നുണ്ട്. മികച്ച കരിയർ തെരഞ്ഞെടുപ്പ് കൂടിയാണ് യോഗ. കൂടാതെ ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള സ്വാഭാവിക മാർഗമാണിത്. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. യോഗ അഭ്യസിച്ചു തുടങ്ങിയാൽ, നിങ്ങൾക്കത് ഒരു തൊഴിലായി സ്വീകരിക്കാം.
യോഗ കോഴ്സുകൾ, സ്ഥാപനങ്ങൾ
ഒരു യോഗ പരിശീലകനാകുന്നതിന് മുമ്പ്, വിശ്വസനീയവും യോഗ സ്കൂളിൽ നിന്ന് പരിശീലനം പഠിക്കേണ്ടത് പ്രധാനമാണ്. നിരവധി യോഗ സ്ഥാപനങ്ങളും സർവ്വകലാശാലകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു യോഗ പരിശീലകനാകുക എന്നത് ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല, കാരണം അതിന് വളരെയധികം ക്ഷമയും പരിശീലനവും സ്ഥിരോത്സാഹവും അർപ്പണബോധവും ആവശ്യമാണ്. ഒരു യോഗ പ്രൊഫഷണലാകാൻ യോഗാസനങ്ങൾ പരിശീലിക്കുന്നത് നിർബന്ധമാണ്. അതുപോലെ തന്നെ ശ്വസനക്രിയകളും കൃത്യമായി അറിഞ്ഞിരിക്കണം. യോഗ അധ്യാപകനാകാനുള്ള കോഴ്സുകളും ഇപ്പോൾ നിലവിലുണ്ട്.
മോറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ദില്ലി
യോഗയിൽ പാർട്ട് ടൈം കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ബിരുദ കോഴ്സുകൾ എന്നിവ നടത്തുന്നു.
ദേവ് സംസ്കൃതി വിശ്വവിദ്യാലയം ഹരിദ്വാർ - യോഗയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ പിഎച്ച് ഡി വരെ
ഭാരതീയ വിദ്യാഭവൻ ദില്ലി- 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ്, ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ്
ഗുരുകുൽ കംഗ്രി യൂണിവേഴ്സിറ്റി - സർട്ടിഫിക്കറ്റ് ആന്റ് ഡിപ്ലോമ കോഴ്സസ്
ദ് യോഗ ഇൻസ്റ്റിറ്റ്യൂട്ട് സാന്ത ക്രൂസ് മുംബൈ - യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, ബിരുദ കോഴ്സ്
കരിയർ ഓപ്ഷനുകൾ
രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങൾ യോഗയുമായി ബന്ധപ്പെട്ട കരിയർ കോഴ്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗാ കേന്ദ്രങ്ങൾ, ഹെൽത്ത് സ്പാകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ യോഗ പരിശീലകർക്ക് ആവശ്യക്കാരേറെയാണ്. കോർപ്പറേറ്റ് മേഖലയിൽ പോലും യോഗയുടെ പ്രയോജനങ്ങൾ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സ്ഥിരമായി യോഗ ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന ടിവി ചാനലുകളിലും തൊഴിൽ സാധ്യതകളുണ്ട്. പരിശീലനത്തിലൂടെ രോഗങ്ങളെ നിയന്ത്രിക്കാനോ സുഖപ്പെടുത്താനോ പഠിക്കാനുള്ള ഒരു മാധ്യമമെന്ന നിലയിൽ യോഗ തെറാപ്പിസ്റ്റ് എന്ന തൊഴിൽമേഖലയും ഇന്ന് ജനപ്രിയമാണ്. പ്രത്യേക രോഗങ്ങൾക്കും വേദനകൾക്കും ആശ്വാസം നൽകുന്ന യോഗ ആസനങ്ങളുണ്ട്. ആരോഗ്യകേന്ദ്രങ്ങളും റിസോർട്ടുകളിലും യോഗ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നുണ്ട്.
പേഴ്സണൽ യോഗ പരിശീലകരായി പ്രവർത്തിക്കാനും യോഗയിൽ ഗവേഷണം നടത്താനും ഇപ്പോൾ അവസരമുണ്ട്. വിദേശത്തും സ്വദേശത്തും മികച്ച തൊഴിലവസരങ്ങളാണ് ഒരു യോഗ പരിശീലകനെ കാത്തിരിക്കുന്നത്. ഒട്ടുമിക്ക ജോലികളും മാനസിക സമ്മർദ്ദം നൽകുന്നവയാണെന്നിരിക്കെ, യോഗ ഒരു കരിയറായി തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് അത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നില്ല.