കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാജോർജ് അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നത്. ക്രമേണ പൊതു സ്വകാര്യ ഇടങ്ങളിൽ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി നിലവിൽ അറുപത്തി രണ്ടര കോടി രൂപ ഗവണ്മെന്റ് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയുണ്ടെന്നും മന്ത്രി അറിയിച്ചു.
മുലയൂട്ടൽ ബോധവൽക്കരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കെ.എസ്.ആർ.ടി.സിയും നടത്തുന്ന സംയുക്ത പ്രചാരണത്തിന്റെ ഭാഗമായ ആദ്യ ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും മന്ത്രി നിർവഹിച്ചു. പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി. സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.കെ.സുരേഷ്‌കുമാർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.സബീന ബീഗം തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലന്വേഷകര്‍ക്കായി ആപ്പ്
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ”എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം. കേരള നോളേജ് ഇക്കണോമി മിഷനിലൂടെ ലഭ്യമാവുന്ന തൊഴിൽ അവസരങ്ങൾ, തൊഴിൽ അന്വേഷകന്റെ ‘ഡിഡബ്ല്യൂഎംഎസ് കണക്ട് പ്രൊഫൈലിൽ ലോഗിൻ ചെയ്‌തോ, ഡിജിറ്റൽ പ്ലാറ്റഫോമിൽ രജിസ്റ്റർ ചെയുമ്പോൾ നൽകിയ ഈ-മെയിലിലേക്ക് വരുന്ന നോട്ടിഫിക്കേഷൻ മുഖേനയോ അറിയാം. പരിശീലനം ലഭിച്ച കുടുബശ്രീ പ്രവർത്തകർ മുഖേനയാണ് വാർഡ് തലത്തിലുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിൻ നടത്തുന്നത്.
മറ്റ് സ്ഥാപനങ്ങളെയോ വ്യക്തികളെയോ ഈ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടില്ല. തൊഴിലന്വേഷകരുടെ ഡിഡബ്ല്യൂഎംഎസ് പ്രൊഫൈൽ പൂർത്തീകരണവും, യോജിച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതും സൗജന്യമാണ്. ഇതിനായി യാതൊരുവിധ ഫീസും നോളഡ്ജ് മിഷൻ ഈടാക്കുന്നില്ല. പണം ആവശ്യപ്പെട്ട് വരുന്ന ഇത്തരത്തിലുള്ള വ്യാജ മെയിൽ/ ഫോൺ സന്ദേശങ്ങൾക്ക് എതിരെ തൊഴിലന്വേഷകർ ജാഗ്രത പുലർത്തണം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കുടുംബശ്രീ എഡിഎസ്/ സിഡിഎസ് പ്രതിനിധികളുമായി ബന്ധപ്പെടണം.