ആശങ്കകൾക്ക് വിരാമം, പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ 

By Web Team  |  First Published Jul 22, 2022, 10:51 AM IST

ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് ഇതോടെ വിരാമമാകുകയാണ്. 


ദില്ലി : അനിശ്ചിതങ്ങൾക്കും വിവാദങ്ങൾക്കും വിരാമം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് ഇതോടെ വിരാമമാകുകയാണ്. 

സംസ്ഥാനത്തെ സ്കൂളുകളിലെ പത്താംക്ലാസ് ഫലം ഒന്നര മാസം മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും സിബിഎസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനം വൈകിയതോടെ പ്ലസ് വൺ പ്രവേശനം നേടേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇതോടെ കോടതി കയറി. 

Latest Videos

undefined

CBSE Result 2022 : അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ടാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയിൽ ഹര്‍ജി നൽകിയത്. ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന വിവരം പുറത്ത് വരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

എന്നാൽ സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ്  തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ നിലപാടെടുക്കുന്നു. 

അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ല-മന്ത്രി ശിവൻകുട്ടി 

തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ .

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. ഈ നീക്കം അൺ എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.   ഹൈക്കോടതിയിൽ കേസ് വന്നിട്ടും ഫലം പ്രഖ്യാപിക്കുന്നില്ല. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിട്ട് 38 ദിവസം കഴിഞ്ഞു. അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും   മന്ത്രി പ്രതികരിച്ചു.


 

tags
click me!