ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
ദില്ലി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. രാവിലെ പത്ത് മണിയോടെ ആയിരുന്നു ഫലപ്രഖ്യാപനം. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.
ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in-ൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ cbseresults.nic.in 2022, cbse.nic.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾ രണ്ട് ടേമുകളിലായിട്ടാണ് നടന്നത്. 2022 ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് 12ാം ക്ലാസ്സ് പരീക്ഷകൾ നടന്നത്.
അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലം പ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.
സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടി കത്ത് അയച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.