ഔദ്യോഗിക അറിയിപ്പ് അനുസരിച്ച നവംബർ 27, ഞായറാഴ്ചയാണ് പരീക്ഷ നടത്തുക. ഓൺലൈനായി മാത്രമേ ക്യാറ്റ് പരീക്ഷ അപേക്ഷ ഫോം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
ദില്ലി: കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ് 2022) (Common Admission Test 2022) പരീക്ഷ രജിസ്ട്രേഷനുള്ള തയ്യാറെടുപ്പുകൾ പൂര്‍ത്തിയായി. ആഗസ്റ്റ് 3, 10 മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in വഴി സെപ്റ്റം 14, 5.00 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് നവംബർ 27, ഞായറാഴ്ചയാണ് പരീക്ഷ നടത്തുക. ഓൺലൈനായി മാത്രമേ ക്യാറ്റ് പരീക്ഷ അപേക്ഷ ഫോം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ആവശ്യമായ യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കും.
CAT 2022: യോഗ്യതാ മാനദണ്ഡം
ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. പൊതുവിഭാഗം അപേക്ഷകർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കും SC, ST, PwD ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അതേസമയം CAT-ന് അപേക്ഷിക്കാൻ പ്രായപരിധിയില്ല. നിശ്ചിത തീയതിക്കകം യോഗ്യത സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
CAT 2022 അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ CAT അപേക്ഷാ ഫോം പരിഷ്ക്കരിക്കാനും അവർ വരുത്തിയേക്കാവുന്ന എന്തെങ്കിലും പിശകുകൾ പരിഹരിക്കാനും കറക്ഷൻ വിൻഡോയിലേക്ക് ആക്സസ് ലഭിക്കും. അപേക്ഷാ ഫോം തിരുത്തൽ നടത്തുമ്പോൾ, ഇമേജുകൾ, ഒപ്പുകൾ എന്നിവയുടെ സ്കാൻ ചെയ്ത ചിത്രങ്ങളിലെ പിശകുകൾ, CAT പരീക്ഷാ കേന്ദ്ര മുൻഗണന എന്നിവ മാറ്റാവുന്നതാണ്. കൂടാതെ, ഉദ്യോഗാർത്ഥികൾക്ക് എക്സാം സിറ്റി തിരഞ്ഞെടുപ്പും പരിഷ്കരിക്കാനാകും.
കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) ഒരു ദേശീയ തലത്തിലുള്ള MBA പ്രവേശന പരീക്ഷയാണ്. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (IIMs) MBA/ PGP കോഴ്‌സുകളിലേക്കും ക്യാറ്റ് സ്കോറുകൾ സ്വീകരിക്കുന്ന ഇന്ത്യയിലെ മറ്റ് ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള പ്രവേശനത്തിനായി എല്ലാ വർഷവും നടത്തപ്പെടുന്നു. 20 ഐഐഎമ്മുകളിലും എസ്പിജിഐഎംആർ, ഐഐടികൾ, ഐഎംഐ, എംഡിഐ, ജെബിഐഎംഎസ്, എഫ്എംഎസ് തുടങ്ങിയ ഉയർന്ന തലത്തിലുള്ള എംബിഎ കോളേജുകളിലും രാജ്യത്തെ 1000-ലധികം ബിസിനസ് സ്കൂളുകളിലും പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് ഐഐഎം ഈ പരീക്ഷ നടത്തുന്നത്.