മികച്ച വൃദ്ധസദനം, സ്‌പോര്‍ട്‌സ്/ആര്‍ട്‌സ്/കല/സാഹിത്യം/സാംസ്‌കാരിക മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.
തിരുവനന്തപുരം: വയോജന മേഖലയില്‍ പ്രശംസനീയമായ സേവനം നടത്തിയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 'വയോസേവന അവാര്‍ഡ് 2022'ന് അപേക്ഷകള്‍ ക്ഷണിച്ചു.
മികച്ച വയോജന സേവനം നടത്തിയ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മികച്ച സര്‍ക്കാരിതര സ്ഥാപനം, മെയിന്റനന്‍സ് ട്രിബ്യൂണല്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ മികച്ച വൃദ്ധസദനം, സ്‌പോര്‍ട്‌സ്/ആര്‍ട്‌സ്/കല/സാഹിത്യം/സാംസ്‌കാരിക മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.
കോര്‍പ്പറേഷന്‍, ജില്ല പഞ്ചായത്ത്, മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷകള്‍ ലഭ്യമാക്കണം. മറ്റു വിഭാഗങ്ങളിലെ നാമനിര്‍ദ്ദേശങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിശ്ചിത മാതൃകയില്‍ ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും എറണാകുളം ജില്ല സാമൂഹ്യനീതി ഓഫീസ് 04842425377 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാണ്.
നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡുകള്‍
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2021, 2022 വര്‍ഷങ്ങളിലെ നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സര്‍വ്വശ്രേഷ്ഠ് ദിവ്യാംഗ്ജന്‍, ശ്രേഷ്ഠ ദിവ്യാംഗ്ജന്‍, ദിവ്യാംഗ് ബാല്‍ബാലിക, മികച്ച സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി മുപ്പതോളം പുരസ്‌കാരങ്ങള്‍ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കല, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, സര്‍ഗസൃഷ്ടി, ഭിന്നശേഷി ശാക്തീകരണം, സാമൂഹ്യ സേവനം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മാതൃകാ വ്യക്തിയായി തെരഞ്ഞെടുക്കുന്ന ഭിന്നശേഷിയുള്ള ആള്‍ക്കാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സര്‍വ്വശ്രേഷ്ഠ് ദിവ്യാംഗ്ജന്‍ പുരസ്‌കാരം നല്‍കുന്നത്.
ശ്രേഷ്ഠ ദിവ്യാംഗ്ജന്‍, 18 വയസില്‍ താഴെയുള്ളവര്‍ക്കുള്ള ദിവ്യാംഗ് ബാല് ബാലിക പുരസ്‌കാരങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ക്ക് സേവനം ചെയ്ത വ്യക്തികള്‍ തുടങ്ങിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവക്ക് പുറമേ ഭിന്നശേഷിക്കാര്‍ക്ക് മികച്ച സേവനം ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ, സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയ ഒന്‍പത് വിഭാഗങ്ങള്‍ക്ക് കൂടി പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുളളു. അര്‍ഹരായവര്‍ 2022 ആഗസ്റ്റ് 28നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.disabiltiyaffairs.gov.in, www.award.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.