കാഴ്ചയില്ലാത്തവർക്ക് പരീക്ഷഫലമറിയാൻ കാപ്ചെ ഒഴിവാക്കി കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റ്; മറ്റ് വാർത്തകളും

By Web Team  |  First Published May 9, 2023, 9:51 PM IST

കാപ് ചെ ഒഴിവാക്കിയും കോഡ് ഏതാണെന്ന് ശബ്ദ സന്ദേശം നൽകിയുമാണ് ഇപ്പോൾ സഹായിക്കുക. 


കോഴിക്കോട്: കാഴ്ച പരിമിതർക്ക് വെബ്സൈറ്റിൽ പരീക്ഷാ ഫലം അറിയുന്നതിന് സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല. രജിസ്റ്റർ നമ്പറിനൊപ്പം ഗൂഗിൾ കാപ്ചെ കോഡ് കൂടി നൽകുമ്പോഴാണ് ഫലം ലഭ്യമാവുക. ഉപയോക്താവ് യന്ത്രമല്ലെന്നും മനുഷ്യൻ തന്നെയാണെന്നും ഉറപ്പിക്കുന്നതിനായി അക്ഷരങ്ങളും അക്കങ്ങളും അവ്യക്തമായി ചേർത്താണ് കാപ്ചെ ഉണ്ടാവുക. കാഴ്ച പരിമിതർക്ക്  ഇത് സ്വന്തമായി ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാപ് ചെ ഒഴിവാക്കിയും കോഡ് ഏതാണെന്ന് ശബ്ദ സന്ദേശം നൽകിയുമാണ് ഇപ്പോൾ സഹായിക്കുക. വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് സർവകലാശാലാ കമ്പ്യൂട്ടർ  സെൻ്ററാണ് സംവിധാനം ഒരുക്കിയതെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാം രാജ് പറഞ്ഞു.

ബി.ടെക്. പ്രവേശനം 2023
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജിയില്‍ 2023-24 വര്‍ഷത്തെ  അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിരിക്കുന്നത്. കീം എക്‌സാമിനു അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ - 9567172591,9188400223

Latest Videos

undefined

പി.ജി. പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ (സി.യു. ക്യാറ്റ് 2023) ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കണം. ഫോണ്‍ - 0494 2407017, 7016. ഇ-മെയില്‍  doaentrance@uoc.ac.in

ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റം
15-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ പ്രസ്തുത ദിവസം നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാല്‍ 12-ന് ബി.കോം ബാച്ച് 4-നോടൊപ്പം വൈകീട്ട് 3 മുതല്‍ 4 വരെ നടത്താന്‍ തീരുമാനിച്ചു.  നാലാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ് യു.ജി.ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്സ്
എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ 13 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.
 

click me!