ഓടിയും ചാടിയും 'യൂണിഫോം' അണിയാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സൗജന്യ പരിശീലനം

By Web Team  |  First Published Oct 7, 2022, 8:59 AM IST

സര്‍വകലാശാലയുടെ നാല് പരിശീലകരുടെ നേതൃത്വത്തില്‍ ഓട്ടം, ചാട്ടം, ക്രിക്കറ്റ് ബാള്‍ ത്രോയിങ്, റോപ് ക്ലൈമ്പിങ് എന്നിവയില്‍ ശാസ്ത്രീയ പരിശീലനം പുരോഗമിക്കുകയാണ്.


കോഴിക്കോട് : പിഎസ് സി യൂണിഫോം സേനകളിലേക്ക് നടത്തുന്ന കായികക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന തീവ്ര പരിശീലന പരിപാടി 10 ദിവസം പിന്നിട്ടു. സര്‍വകലാശാലാ കായിക വിഭാഗത്തിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ എഴുപതോളം ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. സര്‍വകലാശാലയുടെ നാല് പരിശീലകരുടെ നേതൃത്വത്തില്‍ ഓട്ടം, ചാട്ടം, ക്രിക്കറ്റ് ബാള്‍ ത്രോയിങ്, റോപ് ക്ലൈമ്പിങ് എന്നിവയില്‍ ശാസ്ത്രീയ പരിശീലനം പുരോഗമിക്കുകയാണ്. പോലീസ് സേനയിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും. 

സെപ്തംബര്‍ 26-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആകെ 150 മണിക്കൂറാണ് കായിക പരിശീലനം. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് കേരളയുടെ ഭാഗമായ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ പി എസ്  സിയുടെ എഴുത്ത് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് കായികക്ഷമതാ പരീക്ഷക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്നതെന്ന് ഗൈഡന്‍സ് ബ്യൂറോ ചീഫ് ടി അമ്മാര്‍ പറഞ്ഞു. 

Latest Videos

സര്‍വകലാശാലയുടെ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ പരിസര പ്രദേശങ്ങളിലെ തൊഴിലന്വോഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍, പെരുവള്ളൂര്‍, കണ്ണമംഗലം, വള്ളിക്കുന്ന്, പുളിക്കല്‍, രാമനാട്ടുകര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. ഒക്ടോബര്‍ 11-ന് മലപ്പുറം ജില്ലയിലെ കായിക ക്ഷമതാ പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ 10-ന് പരിശീലനം അവസാനിപ്പിക്കും.

click me!