Bible controversy : ഹിജാബിന് പിന്നാലെ ക‍ർണാടകയിൽ ബൈബിൾ വിവാദം; ക്ലാരൻസ് സ്കൂളിനെതിരെ ഹിന്ദു ജനജാഗ്രൻ സമിതി

By Web Team  |  First Published Apr 25, 2022, 1:04 PM IST

 കുട്ടികൾ സ്കൂളിൽ ബൈബിൾ കൊണ്ടുവരുന്നത് തടയരുതെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കൾക്ക് നിർദേശം നൽകി. 


കർണാടക: ഹിജാബ് വിവാദത്തിന് (Hijab Controversy) ശേഷം കർണാടകയിൽ (Karnataka) ബൈബിൾ വിവാദവും ഉയർന്നു വരുന്നു (Bible Controversy). ബെംഗളൂരുവിലെ ക്ലാരൻസ് സ്കൂളിൽ കുട്ടികൾ ബൈബിൾ കൊണ്ടുവരുന്നതാണ് വിവാദത്തിന് കാരണം.  കുട്ടികൾ സ്കൂളിൽ ബൈബിൾ (Bible) കൊണ്ടുവരുന്നത് തടയരുതെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കൾക്ക് നിർദേശം നൽകി. തുടർന്ന് സ്കൂളിനെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നു. വിദ്യാഭ്യാസ നിയമങ്ങളുടെ ലംഘനമാണ് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിച്ചു. ക്ലാരൻസ് ഹൈസ്കൂളിനെതിരെ ഹിന്ദു ജനജാഗ്രൻ സമിതി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.  വിദ്യാർത്ഥികൾ ബൈബിൾ കൊണ്ടുവരുമെന്നും അത് പഠിക്കുകയും ചെയ്യുമെന്ന് പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ ഉറപ്പു വാങ്ങുന്നുവെന്ന് സമിതി അവകാശപ്പെടുന്നു.

ഹിന്ദു ജനജാഗ്രൻ സമിതി വക്താവ് മോഹൻ ഗൗഡയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ട് എതിർപ്പ് ഉന്നയിച്ചത്. സ്‌കൂളിന്റെ ഈ നടപടി ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനമാണെന്നും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മോഹൻ ഗൗഡ പറഞ്ഞു. ഇത് ക്രിസ്ത്യാനികളല്ലാത്ത കുട്ടികളുടെ അവകാശങ്ങളെയും ലംഘിക്കുന്നു. വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം  ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകണമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രിയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos

അതേ സമയം വിവാദത്തെ സംബന്ധിച്ച് ക്ലാരൻസ് സ്കൂൾ അധികൃതരിൽ നിന്നും പ്രതികരണമൊന്നും പുറത്തു വന്നിട്ടില്ല. 1914 ൽ ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ക്ലാരൻസ് സ്കൂൾ നിർമ്മിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. നേരത്തെ ഹിജാബ് സംബന്ധിച്ച് സംസ്ഥാനത്ത് ഏറെ നാളത്തെ തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ചയും ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിൽ രോഷാകുലരായ രണ്ട് വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കാതെ പരീക്ഷാകേന്ദ്രം വിട്ടു. ഹിജാബ് ധരിച്ച് പ്രവേശനം നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോളജ് രംഗത്തെത്തിയത്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനത്ത് രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷകൾ നടന്നു കൊണ്ടിരിക്കുന്നത്. 
 

click me!