2021 -22 അധ്യായന വർഷത്തെ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടി വിദ്യാർഥികളുടെ സ്വന്തം ബീന ടീച്ചർ
തിരുവനന്തപുരം: 26 വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ 2021 -22 അധ്യായന വർഷത്തെ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടി വിദ്യാർഥികളുടെ സ്വന്തം ബീന ടീച്ചർ. വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന ടി എസ്സിനാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്.
വെങ്ങാനൂർ മുട്ടയ്ക്കാട് അഭിരാമത്തിൽ ബീന ടീച്ചർ 1997 -ലാണ് പ്രൈമറി സ്കൂൾ അധ്യാപികയായി തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. ഗവ. എൽപിഎസ് മുടുപ്പരനട ആയിരുന്നു ആദ്യ വിദ്യാലയം. 2003ൽ ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപികയായ ബീനയ്ക്ക് 2018 ൽ പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചു. 2020 ലാണ് ബീന ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി എത്തുന്നത്.
undefined
വിദ്യാർഥികൾക്ക് അധ്യാപിക എന്നതിലുപരി കൂട്ടുകാരി എന്ന നിലയിലെ ഇടപെടലാണ് ടീച്ചറെ കുട്ടികളുടെ ഏറെ പ്രിയങ്കരിയാക്കിയത്. സ്കൂളിനെ ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റുന്നതിൽ ബീന ടീച്ചറുടെ ഇടപെടൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് രക്ഷകർത്താക്കളും സഹപ്രവർത്തകരും പറയുന്നു. രക്ഷിതാക്കൾക്കായുള്ള കൗൺസിലിംഗ്, വിദ്യാർഥികളുടെ പഠന പുരോഗതിക്ക് നൽകി വരുന്ന പിന്തുണ, ലഹരിക്കെതിരായ ബോധവത്കരണം, സ്കൂളിൽ എത്താൻ സാധിക്കത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വീടുകളിൽ സന്ദർശിച്ച് വേണ്ട സഹായങ്ങൾ നൽകുക എന്നിങ്ങനെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ടീച്ചറുടെ പങ്ക് വലുതായിരുന്നു.
Read more: ഇന്ത്യൻ ആർമി സ്വപ്നം കാണുന്നവർക്ക് ഈ തൃശൂരുകാരൻ പ്രചോദനം, അഭിമാന നേട്ടവുമായി ശ്രീറാം!
സ്കൂൾ വിക്കി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അടക്കം നേടാൻ ബീന ടീച്ചർക്ക് സാധിച്ചു. റിട്ട. അഡീഷണൽ ലോ സെക്രട്ടറി ശ്രീകുമാർ ജി. ആണ് ഭർത്താവ്. മക്കൾ : അഭിജിത് എസ് കുമാർ (അസിസ്റ്റന്റ് മാനേജർ, ഐഡിബിഐ പനമ്പള്ളി നഗർ,എറണാകുളം), അഭിഷേക് എസ് കുമാർ (ഐഐടി പാറ്റ്ന വിദ്യാർത്ഥി). റിട്ടയേർഡ് അധ്യാപിക കെ ശാരദാമ്മയുടെയും ഹെൽത്ത് സർവ്വീസിൽ നിന്നും റിട്ടയർ ആയ ആർ തുളസീധരൻ നായരുടെയും (പരേതൻ) മകളാണ്. അധ്യാപികയായ അമ്മയെ റോൾ മോഡലാക്കിയാണ് ബീന ടീച്ചർ അധ്യാപന രംഗത്തേക്ക് കടക്കുന്നത്.