പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചില്ല; 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ അസം

By Web Team  |  First Published Aug 25, 2022, 10:41 AM IST

അഞ്ചുവർഷത്തെ കണക്കെടുക്കുമ്പോൾ ഈ വർഷം അസമിലെ പത്താം ക്ലാസ് പരീക്ഷാ ഫലം നിരാശപ്പെടുത്തുന്നതാണ്. നാല് ലക്ഷം പേർ പരീക്ഷയെഴുതിയപ്പോൾ 56.49 ശതമാനമാണ് വിജയം. 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്.


ഗുവാഹത്തി: ഈ വർഷം മാർച്ചിൽ നടന്ന പത്താം ക്ലാസ് പരീക്ഷയിൽ ഒരുകുട്ടി പോലും ജയിക്കാത്ത 34 ​ഗവൺമെന്റ് സ്കൂളുകൾ അടച്ചുപൂട്ടാൻ അസം സർക്കാർ. 34 സ്കൂളുകളിലായി ആയിരത്തിലേറെ വിദ്യാർഥികൾ പരീക്ഷയെഴുതിയെങ്കിലും ഒരാൾക്ക് പോലും വിജയിക്കാൻ സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. വിജയശതമാനം ഇല്ലാത്ത സ്‌കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളുകളുടെ പ്രാഥമിക കടമ. ഒരു സ്കൂളിന് അതിലെ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ഈ സ്കൂളുകൾ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി പറഞ്ഞു.

അഞ്ചുവർഷത്തെ കണക്കെടുക്കുമ്പോൾ ഈ വർഷം അസമിലെ പത്താം ക്ലാസ് പരീക്ഷാ ഫലം നിരാശപ്പെടുത്തുന്നതാണ്. നാല് ലക്ഷം പേർ പരീക്ഷയെഴുതിയപ്പോൾ 56.49 ശതമാനമാണ് വിജയം. 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്. പൂജ്യം വിജയശതമാനമുള്ള സർക്കാർ നടത്തുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനമെടുത്തു. ഈ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് അവർക്ക് സമീപത്തെ ഹൈസ്‌കൂളുകളിൽ ചേരാൻ അവസരം നൽകുമെന്ന് ഒരു മുതിർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് മൂലമുണ്ടായ തടസ്സങ്ങളും അധ്യാപകർ പഠിപ്പിക്കുന്നതിൽ പൂർണ ശ്രദ്ധ നൽകാത്തതുമാണ് മോശം ഫലത്തിന് കാരണമെന്നും ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഫോർമുല അധിഷ്‌ഠിത മൂല്യനിർണ്ണയത്തിൽ നിന്ന് ബോർഡ് പരീക്ഷയിലേക്കുള്ള തിരിച്ചുപോക്കും വിജയത്തെ ബാധിച്ചു.

Latest Videos

അതേസമയം, സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. സ്കൂളുകൾ പൂട്ടുന്നത് പരിഹാരമല്ലെന്നും അടച്ചുപൂട്ടുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. സർക്കാർ സ്കൂളുകളിലെ അധ്യാപകരെ പരിശീലിപ്പിക്കാൻ ഐഐടി ഗുവാഹത്തി ഫാക്കൽറ്റി അംഗങ്ങളുടെ സഹായം അടുത്തിടെ അസം സർക്കാർ തേടിയിരുന്നു.

ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് വരുന്നു, കാലിക്കറ്റ് സർവ്വകലാശാല ഫലപ്രഖ്യാപനം വേഗത്തിലാകും

ഈ അധ്യയന വർഷത്തോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത എല്ലാ സ്കൂളുകളെയും സമീപത്തെ സ്കൂളുകളുമായി ലയിപ്പിക്കാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നാല് സ്‌കൂളുകൾ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും സമീപത്തെ സെക്കൻഡറി സ്‌കൂളുകളിലേക്ക് മാറ്റുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കാൻ ഓരോ ജില്ലയിലെയും സ്കൂൾ ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

click me!