'എൻജിനീയറിങ് വിദ്യാർഥികളേ, ചിപ്പ് ഡിസൈനിൽ താൽപര്യമുണ്ടോ'; സൗജന്യ ത്രിദിന ശില്‍പ്പശാലയുമായി അസാപ് 

By Web Team  |  First Published Feb 22, 2024, 11:56 AM IST

ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്.


തിരുവനന്തപുരം: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ 2000 വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. താൽപര്യമുള്ളവര്‍ https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍  ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: outreach@asapkerala.gov.in, ഫോണ്‍ 7893643355. 

ഈ രംഗത്തെ മുന്‍നിര പരിശീലകരായ മേവന്‍ സിലിക്കണില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശില്‍പ്പശാല സഹായിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

Latest Videos

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിഇ/ബിടെക് വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രോണിക്‌സ്/എംഎസ്.സി  ഇലക്ട്രോണിക്‌സില്‍ എം.ടെക്/എം.എസ്. രണ്ട്, മൂന്ന്, നാല് അധ്യയന വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടാതെ, വിഎല്‍എസ്‌ഐ ഡിസൈനിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കും ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കടുക്കാവുന്നതാണ്.

tags
click me!