ജൻഡർ ബഹുമാനം കുട്ടികളിൽ വളർത്തിയെടുക്കാൻ ലൈംഗിക വിദ്യാഭ്യാസം കൊണ്ട് സാധിക്കണം

By Web Team  |  First Published Aug 8, 2022, 4:32 PM IST

കൃത്യമായ കരിക്കുലവും സിലബസും പാഠപുസ്തകവും തയ്യാറാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരമൊരു മാറ്റം കടന്നു വരുമ്പോൾ ഏത് തലത്തിൽ നിന്ന് ഏത് തലം വരെയുള്ളവർക്ക് എന്നതിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകണം.


ലൈംഗിക വിദ്യാഭ്യാസം എന്ന രീതിയിൽ ഒരു പാഠ്യപദ്ധതി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടില്ല. 'സെക്സ് എഡ്യൂക്കേഷൻ' എന്ന് കേൾക്കുമ്പോൾ ഉടൻ തന്നെ ശാരീരിക ബന്ധത്തെപ്പറ്റി പഠിപ്പിക്കുക എന്ന നിലയിലാണ് സമൂഹത്തിലെ ഒരു വിഭാ​ഗം അത് വിലയിരുത്തുന്നത്. രണ്ട് ജൻഡറുകളുടെ വ്യതിരിക്തമായ ശാരീരിക മാനസിക അവസ്ഥകൾ, അതിന്റെ ശാസ്ത്രീയത ഇവയെല്ലാം വ്യക്തമാക്കുന്നതായിരിക്കണം ലൈംഗിക വിദ്യാഭ്യാസം. അതിന് കൃത്യമായ കരിക്കുലവും സിലബസും പാഠപുസ്തകവും തയ്യാറാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരമൊരു മാറ്റം കടന്നു വരുമ്പോൾ ഏത് തലത്തിൽ നിന്ന് ഏത് തലം വരെയുള്ളവർക്ക് എന്നതിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകണം.

സെക്സിന്റെ തലത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ നവമാധ്യമങ്ങളിൽ നിന്നും അശ്ലീല സൈറ്റുകളിൽ നിന്നും നിലവാരം കുറഞ്ഞ യൂട്യൂബ് ലിങ്കുകളിൽ നിന്നുമുള്ള വികലമായ അറിവുകൾ ഇന്ന് വിദ്യാർത്ഥികൾ ആർജ്ജിച്ചെടുക്കുന്നുണ്ട്. മാത്രമല്ല, നിരന്തരമായ മൊബൈൽ ഉപയോഗം മൂലം കുട്ടി ആയിരിക്കുമ്പോൽ തന്നെ ഒരു സൈബർ മെച്യൂരിറ്റി വിദ്യാർത്ഥികളെ കീഴടക്കുന്നുണ്ട്. എന്നാൽ അത് താങ്ങാൻ പറ്റുന്ന ശാരീരിക അവസ്ഥയോ മാനസിക അവസ്ഥയോ പല കുട്ടികൾക്കും ഇല്ല എന്നതാണ് വാസ്തവം. സെക്സ് എഡ്യൂക്കേഷൻ എന്ന് പറഞ്ഞ് കൗൺസിലിംഗും ക്ലാസുകളും പെൺകുട്ടികൾക്ക് മാത്രം നൽകുന്ന ഒരു പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ഇന്നും നമ്മുടെ സമൂഹത്തിൽ സ്ത്രീ, ശരീരം കൊണ്ടും മനസ്സു കൊണ്ടും ഒരു ദുരൂഹമേഖലയാണ് എന്ന് വരുത്തി തീർക്കാനും മറ്റുള്ളവരിൽ അത് എന്താണെന്ന് അറിയാനുള്ള വ്യഗ്രതയും അസ്വസ്ഥതയും വർദ്ധിപ്പിക്കാനും മാത്രമേ ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കൂ.

Latest Videos

വ്യതിരിക്തമായിട്ടുള്ള മാനസിക അവസ്ഥയിലും ശാരീരിക അവസ്ഥയിലും ഉള്ള പരസ്പര പൂരകങ്ങളായിട്ടുള്ള രണ്ട് വ്യക്തിത്വങ്ങളാണ് സ്ത്രീയും പുരുഷനും എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ വ്യവസ്ഥ സംജാതമാകേണ്ടിയിരിക്കുന്നു. പ്രാഥമിക തലം മുതൽ തന്നെ ഓരോ ഘട്ടത്തിലും ഉണ്ടാകേണ്ട പെരുമാറ്റ രീതികളെ മുൻനിർത്തി ജൻഡർ ബഹുമാനം കുട്ടികളിൽ വളർത്തിയെടുക്കാൻ ലൈംഗിക വിദ്യാഭ്യാസം കൊണ്ട് സാധിക്കണം. ഹൈസ്കൂൾ തലം  മുതൽ ശരീര കേന്ദ്രീകൃതമായ ശാരീരിക- മാനസിക വ്യാപാരങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നൽകാവുന്നതാണ്. ഗർഭധാരണം പോലുള്ള കാര്യങ്ങൾ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലുമുള്ള ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയും വളരെ കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മറ്റ് വിഷ്വൽ സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്.

അതൊടൊപ്പം അത്തരം കാര്യങ്ങളെ ബന്ധപ്പെടുത്താവുന്ന സാഹിത്യകൃതികളെയും തെരഞ്ഞെടുക്കാവുന്നതാണ്. അതേ സമയം പരീക്ഷക്ക് പഠിപ്പിക്കുന്നത് പോലെയാകാതെ സമാന്തരമായി ഒരു ബോധവത്കരണമായി പ്രത്യേക ഫണ്ട് സർക്കാരിൽ നിന്നും കണ്ടെത്തിക്കൊണ്ടുള്ള ഒരു കർമ്മപരിപാടിയായി മാറണം. സിലബസ് എല്ലായിടത്തും ഒരുപോലെ ആയിരിക്കണം. അതിനെക്കുറിച്ച് ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നതിനായി ഒരു സമിതി രൂപീകരിച്ച് അതിൽ അധ്യാപകരും ഡോക്ടർമാരും സാമൂഹ്യ പ്രവർത്തകരും മനശാസ്ത്രജ്ഞരും ചേർന്നു കൊണ്ടുള്ള പാഠ്യപദ്ധതി തയ്യാറാക്കണം.

പുരുഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കുക എന്നത് ലൈംഗികപരമായി ഒന്നാകുക എന്നതിനപ്പുറം സ്വന്തം കാലിൽ ജീവിക്കാൻ പഠിക്കുക എന്നതായി മാറണം. അവിടെയാണ് ലിംഗസമത്വം എന്താണെന്ന് തിരിച്ചറിയപ്പെടേണ്ടത്. സ്വയംപ്രാപ്തരാകുക എന്നതിന് മാനസികമായ ധൈര്യവും തൊഴിൽപരമായ സുരക്ഷിതത്വവും ഉണ്ടാകണം. സെക്സ് എഡ്യൂക്കേഷൻ എന്നാൽ ലൈംഗികത മാത്രമല്ല, സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു സമൂഹത്തിൽ സ്വന്തം വ്യക്തിത്വം അടിയറവ് പറയാതെ ജീവിക്കാൻ പഠിപ്പിക്കൽ കൂടിയാണ്. അതിന്റെ ഒരു ഭാഗം മാത്രമാണ് ലൈംഗിക വേഴ്ച എന്നും പറയുന്നത്. സ്ത്രീ ശരീരം എന്താണെന്ന് പുരുഷനും പുരുഷശരീരം എന്താണെന്ന് സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും രണ്ടു തരത്തിലുള്ള കർമ്മങ്ങളാണ് പ്രകൃതിയിൽ നിർവ്വഹിക്കുന്നത്. എങ്കിലും രണ്ടുപേർക്കും തുല്യനീതിയാണ് എന്ന ബോധ്യം വിദ്യാർത്ഥികളിൽ വളർത്താനും കൗതുകത്തിന്റെ ഒളിഞ്ഞുനോട്ടങ്ങളെ ഇല്ലാതാക്കാനും ലൈംഗിക അതിക്രമങ്ങൾ തടയാനും ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

(തൃശൂർ നാട്ടിക എസ് എൻ ​ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

click me!