നാലാമത് സിനർജി കോൺഫറൻസ് ദില്ലിയിൽ ചേർന്നു; പ്രാഥമിക അജണ്ട അ​ഗ്നിപഥ് പദ്ധതി

By Web Team  |  First Published Jun 30, 2022, 12:09 PM IST

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ചർച്ചയും അഗ്നിവീരന്മാർക്ക് ശമ്പളവും അലവൻസുകളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയും സമ്മേളനത്തിന്റെ പ്രാഥമിക അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. 


ദില്ലി:  ഇന്ത്യൻ കരസേനയുടെയും (Indian Army) ഡിഫൻസ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റിൻെറയും (DAD) സംയുക്ത സമ്മേളനമായ, നാലാമത് സിനർജി കോൺഫറൻസ് (synergy conference), 2022 ജൂൺ 28-ന് ന്യൂഡൽഹിയിൽ ചേർന്നു. ഒരു ദിവസത്തെ സമ്മേളനത്തിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (VCOAS) ലെഫ്റ്റനന്റ് ജനറൽ ബി എസ് രാജുവും കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (CGDA) രജനിഷ് കുമാറും നേതൃത്വം നൽകി. കരസേനയിലെയും DAD ലെയും മുതിർന്ന ഉദ്യോഗസ്ഥർ  സന്നിഹിതരായിരുന്നു.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ചർച്ചയും അഗ്നിവീരന്മാർക്ക് ശമ്പളവും അലവൻസുകളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയും സമ്മേളനത്തിന്റെ പ്രാഥമിക അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. കരസേനയിലെ  ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്കും മറ്റ് റാങ്കുകാർക്കും മികച്ച സേവനം ലഭ്യമാക്കുന്നതിനായി പേ ആൻഡ് അക്കൗണ്ട്സ് ഓഫീസുകളുടെ (PAOs) പ്രവർത്തനം മെച്ചപ്പെടുത്തുന്നതും അജണ്ടയിൽ ഉണ്ടായിരുന്നു. ഇരു ഭാഗത്തെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഭാവി ലക്ഷ്യമിട്ടുള്ള കൃത്യമായ കർമ്മപദ്ധതികൾ സമ്മേളനം ആവിഷ്കരിച്ചു.

Latest Videos

സായുധ സേനയ്‌ക്കുള്ള സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും, ബിൽ പ്രോസസ്സിംഗ്-പേയ്മെന്റ്  സമ്പ്രദായങ്ങളിൽ അടിസ്ഥാനപരമായ പരിവർത്തനം സാധ്യമാക്കുന്നതിനും,നൂതനമായ ബിസിനസ് പ്രോസസ് റീ-എൻജിനീയറിംഗ് വിന്യാസത്തിന് സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുമുള്ള വകുപ്പിന്റെ കാഴ്ചപ്പാടുകൾ CGDA പങ്കിട്ടു. DARPAN (ഡിഫൻസ് അക്കൗണ്ട്സ് റസീപ്റ്റ്, പേയ്മെന്റ് ആൻഡ് അനാലിസിസ്), വരാനിരിക്കുന്ന കേന്ദ്രീകൃത പേയ്‌മെന്റ് സമ്പ്രദായം തുടങ്ങിയ DAD യുടെ വിവിധ സംരംഭങ്ങൾ അദ്ദേഹം വിവരിച്ചു. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് കരസേനയുടെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

DAD നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങളെ VCOAS അഭിനന്ദിച്ചു. ആഭ്യന്തര ഓഡിറ്റിലെയും പേയ്‌മെന്റിലെയും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഏകോപനത്തോടെ പ്രവർത്തിക്കാൻ കരസേനയിലെയും  DAD യിലെയും മുതിർന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യർത്ഥിച്ചു. യൂണിറ്റുകളുടെ ചെലവും ധനവിനിയോഗവും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, തീരുമാനങ്ങൾ എടുക്കുന്നതിനും പ്രതിരോധ ബജറ്റിന്റെ മികച്ച മാനേജ്മെന്റിനും സഹായകമായ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിർണായക സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും അക്കൗണ്ടിംഗ്, ഓഡിറ്റ് പ്രക്രിയകളിലൂടെ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കി ഇന്ത്യൻ സൈന്യത്തെ മുന്നോട്ട് നയിക്കുന്നതിലും ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർ വഹിക്കുന്ന സുപ്രധാന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.

click me!