നിങ്ങളുടെ മക്കൾ ഈ സ്കോളർഷിപ്പുകൾക്ക് അർഹരാണോ? അതെയെങ്കിൽ വേ​ഗം അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

By Web Team  |  First Published Nov 6, 2024, 9:45 PM IST

വിവിധ സ്കോളര്‍ഷിപ്പുകളിലേക്ക് അപേക്ഷിക്കേണ്ടതിനെക്കുറിച്ച് അറിയാം. വിശദാംശങ്ങളിവയാണ്.


തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2024 ലെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറിതല പഠനത്തിനോ മറ്റു റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് സ്‌കോളർഷിപ്പിന് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: 0471 2325582, 8330010855 ഇ-മെയിൽ: lwfbtvm@gmail.com

മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

Latest Videos

2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നിവ നവംബർ 20ന് വൈകിട്ട് അഞ്ചിനകം districtmeritscholarship@gmail.com ലേക്ക് നൽകണം. www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്: 20 വരെ അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2448451.

പ്രവാസികേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക്  ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്ക്   അപേക്ഷിക്കാം. ബിരുദാനന്തര  ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി  കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.  താൽപര്യമുളളവർ നവംബർ 30 നകം അപേക്ഷ നൽകണമെന്ന്     നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കാം.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നോടിയിരിക്കണം. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയും. വിശദവിവരങ്ങൾക്ക്: 0471-2770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്). 

click me!