സംസ്‌കൃത സർവ്വകലാശാലയിൽ പുതിയ മൂന്ന് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി മെയ് 15

By Web Team  |  First Published Apr 22, 2023, 8:57 AM IST

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പ്രൊജക്ട് മോഡ് സ്കീമിൽ പുതിയതായി ആരംഭിക്കുന്ന മൂന്ന് പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 



കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പ്രൊജക്ട് മോഡ് സ്കീമിൽ പുതിയതായി ആരംഭിക്കുന്ന മൂന്ന് പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പി. ജി. പ്രോഗ്രാമിലേക്കും രണ്ട് പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൾട്ടിഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്‍റ്റേഴ്സ് പ്രോഗ്രാം ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻ (നാല് സെമസ്റ്റ‍റുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (രണ്ട് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ (രണ്ട് സെമസ്റ്ററുകൾ) എന്നിവയാണ് പുതിയ പ്രോഗ്രാമുകൾ. പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഏറ്റുമാനൂർ ക്യാമ്പസിലും മറ്റ് രണ്ട് പ്രോഗ്രാമുകൾ കാലടി മുഖ്യക്യാമ്പസിലുമാണ് നടത്തുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15.

മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻഃ അപേക്ഷകർക്ക് നാല് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ‍് മിറ്റിഗേഷനിൽ സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ ബിരുദാനന്തര ബിരുദമാണ് ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. നാല് ഡിസിപ്ലിനുകളിൽ ഏത് വേണമെങ്കിലും മുൻഗണന പ്രകാരം അപേക്ഷകർക്ക് തെരഞ്ഞെടുക്കാം. ഒരു ഡിസിപ്ലിനിൽ പത്ത് സീറ്റുകൾ വീതം ആകെ 40 സീറ്റുകൾ. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Latest Videos

undefined

പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്ഃ 50% മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി, സംസ്കൃതത്തിൽ അടിസ്ഥാന പരിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20സീറ്റുകൾ.

പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻഃ അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ഫിസിയോതെറാപ്പിയിൽ ബിരുദം നേടി ആറ് മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫുൾ ടൈമായി പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിൽ ഡിപ്ലോമ നേടി ആറ് മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും പൂർത്തിയാക്കി ലാറ്ററൽ എൻട്രി സ്കീമിലൂടെയോ ബ്രിഡ്ജ് കോഴ്സിലൂടെയോ ഫിസിയോ തെറാപ്പിയിൽ അംഗീകൃത ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്. എഴുത്ത് പരീക്ഷ, സംഘചർച്ച, ശാരീരികക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആകെ 12 സീറ്റുകൾ.

അപേക്ഷ ഫീസ് ഓൺലൈനായി സമർപ്പിക്കണം. മെയ് 23ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ ജൂൺ 14ന് നടക്കും. ജൂൺ 26ന് ഫലം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

സംസ്‌കൃത സർവ്വകലാശാലയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ലൈൻ ഹെൽപ്പർ അപ്രന്റിസ് ട്രെയിനികൾ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ലൈൻ ഹെൽപ്പർ തസ്തികളിൽ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നതിനായി ഏപ്രിൽ 26ന് രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 7000/-. നിർദ്ദിഷ്ട ട്രേഡിൽ ഐ ടി ഐ യോഗ്യത നേടിയവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. 2020 മാർച്ച് മാസത്തിന് ശേഷം ഐ ടി ഐ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയാകും. ഒന്ന് വീതം ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.
 

click me!