കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു; ജനുവരി 20 വരെ സമർപ്പിക്കാം

By Web Team  |  First Published Jan 5, 2023, 4:02 PM IST

 ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം. 


കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി  ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.  കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മീഡിയ അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിക്കുന്നത്.

റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം. ഫോട്ടോഗ്രഫി അവാർഡിനുള്ള എൻട്രികൾ ഒറിജിനൽ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകൾ 10x8 വലുപ്പത്തിൽ പ്രിന്റുകൾ തന്നെ നൽകണം.

Latest Videos

അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എൻട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക. ജനുവരി 20-ന് വൈകിട്ട്  5 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തിൽ എൻട്രികൾ ലഭിക്കണം.
 

click me!