സം​ഗീതം തൊഴിൽ മേഖലയാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എംഎ മ്യൂസികിന് ചേരാം, പരീക്ഷയുണ്ട്, പ്രവേശനമിങ്ങനെ...

By Web Team  |  First Published Apr 5, 2024, 6:33 PM IST

ചലച്ചിത്ര പിന്നണിഗാന രംഗം, പശ്ചാത്തല സംഗീതം, പരസ്യകല, ലൈവ്ഷോകള്‍, റേഡിയോ തുടങ്ങിയ മേഖലകളിലും അവസരങ്ങളേറെയാണ്. സൗണ്ട് എഞ്ചിന്നീറിംഗ് ആണ് മറ്റൊരു തൊഴില്‍ മേഖല. 


കാലടി: ഇലക്ട്രോണിക്സ്‌ മീഡിയയുടെ സ്വാധീനം സംഗീതത്തെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു. പാടുകയും പഠിപ്പിക്കുകയും ചെയ്യുകയെന്നതിലുപരിയായുള്ള തൊഴിലവസരങ്ങള്‍ സംഗീതമഭ്യസിച്ചവര്‍ക്ക് മുന്നിലുണ്ട്. ആല്‍ബം/വീഡിയോ മേക്കിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്റ് മുതല്‍ മ്യൂസിക് ജേര്‍ണലിസം വരെയുള്ള വിവിധ മേഖലകളില്‍ ശോഭിക്കാനുള്ള അവസരം സംഗീത കലാകാരന്മാര്‍ക്കുണ്ട്.

ഭാരതത്തിന്‍റെ പരമ്പരാഗത സംഗീത ശാഖകളായ കര്‍ണാടക സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും പുറമേ വിവിധ പാശ്ചാത്യ സംഗീത വിഭാഗങ്ങളിലും അവഗാഹം നേടാനുള്ള അവസരമിന്നുണ്ട്. വായ്പാട്ട്, ഉപകരണ സംഗീതം എന്നിവയില്‍ താത്പര്യമനുസരിച്ച് പരിശീലനം നേടാവുന്നതാണ്. ടെലിവിഷന്‍ ചാനലുകളിലെ ദൈനംദിന പരിപാടികളില്‍ പകുതിയിലേറെയും സംഗീതാധിഷ്ഠിതമാണ്.

Latest Videos

undefined

ചലച്ചിത്ര പിന്നണിഗാന രംഗം, പശ്ചാത്തല സംഗീതം, പരസ്യകല, ലൈവ്ഷോകള്‍, റേഡിയോ തുടങ്ങിയ മേഖലകളിലും അവസരങ്ങളേറെയാണ്. സൗണ്ട് എഞ്ചിന്നീറിംഗ് ആണ് മറ്റൊരു തൊഴില്‍ മേഖല. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ഇവന്‍റ് മാനേജ്മെന്റില്‍ ഉപരിപഠനം നടത്താനും കഴിയും. സംഗീതജ്ഞരായി പ്രൊഫഷണലായി മാറുവാനും അവസരമുണ്ട്.

സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മ്യൂസിക്)

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (മ്യൂസിക്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് സെമസ്റ്ററുകള്‍. കര്‍ണ്ണാടക സംഗീതത്തില്‍ അധിഷ്ഠിതമാണ് സംസ്കൃത സര്‍വ്വകലാശാലയിലെ എം. എ. (മ്യൂസിക്) പഠനം.

പ്രവേശനം എങ്ങനെ?

പ്രവേശന പരീക്ഷയുടെയും എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 40% മാര്‍ക്ക് നേടിയവര്‍ക്കാണ് (എസ്. സി. / എസ്. ടി., ഭിന്നശേശി വിഭാഗക്കാര്‍ക്ക് 35%) പ്രവേശനം ലഭിക്കുക. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. 

ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2024 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ  എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ആഗസ്റ്റ് 31ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രിൽ 24

ഏപ്രിൽ 24ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ മെയ് രണ്ടുവരെ ഡൌണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ മെയ് 13 മുതൽ 16 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂണ്‍ 12ന് ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!