'ലിറ്റില്‍ കൈറ്റ്സ് 'അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം; അഭിരുചി പരീക്ഷ ജൂലൈ 2 ന്

By Web Team  |  First Published Jun 10, 2022, 3:55 PM IST

സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.


തിരുവനന്തപുരം:  സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ - എ‍യി‍ഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളില്‍ (little kites club) അംഗത്വത്തിന് (membership) എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ ജൂലൈ 2ന് നടക്കും. സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ജൂണ്‍ 23, 24, 25  തീയതികളില്‍ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Latest Videos

undefined

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ,  മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും പ്ലസ്‍വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്' ഐടി ക്ലബില്‍ ഇതുവരെ 2.89 ലക്ഷം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്കൂള്‍ ടിവി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ നടത്തിവരുന്നുണ്ട്.  വിശദാംശങ്ങള്‍ www.kite.kerala.gov.in-ല്‍ ലഭ്യമാണ്.

click me!