വരുംതലമുറക്ക് ജീവിതത്തിൽ വിജയിക്കാനുള്ള വിജയമന്ത്രങ്ങളെക്കുറിച്ചായിരുന്നു ഗായത്രി മോഹൻ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ, ജീവിതത്തിൽ വിജയിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് നാലു കാര്യങ്ങളാണ്...
തിരുവനന്തപുരം: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ (APJ Abdul Kalam) ഓർമ്മകൾക്ക് ഇന്ന് ഏഴാണ്ട്. സ്വപ്നം കാണാൻ യുവതയോട് ആഹ്വാനം ചെയ്ത, എക്കാലത്തെയും ജനകീയ രാഷ്ട്രപതിയായിരുന്നു അവുൾ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. മിസൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് മിസൈൽ മാൻ എന്നും അദ്ദേഹം അറിയപ്പെട്ടു. മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ്, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ. അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളും ബഹുമതികളും നിരവധിയാണ്. കൂടാതെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു അദ്ദേഹം.
പത്ത് വർഷങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് നടന്ന ഏഷ്യാനെറ്റ് ന്യൂസ് എജ്യുഫെസ്റ്റ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കാനെത്തിയത്. 'കലാമും കുട്ടികളും' എന്ന പേരിൽ നടന്ന ആ പരിപാടിയിൽ അഞ്ച് കുട്ടികൾക്ക് കലാമിനോട് ചോദ്യം ചോദിക്കാൻ അന്ന് അവസരം ലഭിച്ചിരുന്നു. ചോദ്യം ചോദിച്ച കുട്ടികളോട് പഠിക്കുന്ന ക്ലാസും പേരും ചോദിച്ചായിരുന്നും അദ്ദേഹം ഇടപെട്ടത്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായും വ്യക്തമായും സൗഹാർദ്ദത്തോടെയുമായിരുന്നും അദ്ദേഹത്തിന്റെ ഉത്തരങ്ങൾ.
വരുംതലമുറക്ക് ജീവിതത്തിൽ വിജയിക്കാനുള്ള വിജയമന്ത്രങ്ങളെക്കുറിച്ചായിരുന്നു ഗായത്രി മോഹൻ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ, ''ജീവിതത്തിൽ വിജയിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് നാലു കാര്യങ്ങളാണ്. ഒന്ന്, മികച്ച ലക്ഷ്യങ്ങളുണ്ടായിരിക്കുക എന്നതാണ്, എനിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്, ഞാൻ അറിവ് ആർജ്ജിച്ചു കൊണ്ടേയിരിക്കും. ഞാൻ കഠിനാധ്വാനം ചെയ്യും. വിജയത്തിലെത്തും. ജീവിത വിജയത്തിനുള്ള മന്ത്രങ്ങൾ ഇവയാണ്.'' അധ്യാപകനായിരിക്കുക എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും അമൂല്യമായ പദവിയെന്നും എന്റെ വിദ്യാർത്ഥികളിലൊരാൾ പിഎച്ച്ഡി നേടുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമെന്നും അന്നദ്ദേഹം സംവാദ വേളയിൽ വ്യക്തമാക്കിയിരുന്നു.
രാജ്യപുരോഗതിയിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് എങ്ങനെയൊക്കെ സാധിക്കുമെന്ന ചോദ്യവും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായി. ''എല്ലാ വിദ്യാർത്ഥികളോടും എനിക്ക് നൽകാനുളള ഒരു ഉപദേശം ഇതാണ്. നിങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ നിങ്ങളുടെ ജോലി, കർത്തവ്യം എന്നത് മികച്ച വിദ്യാഭ്യാസം എന്നതാണ്. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം.''
വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തിയ സംവാദത്തിന്റെ വീഡിയോ കാണാം