എസ് ടി വിഭാ​ഗത്തിൽ 158-ാം റാങ്കോടെ ഐസറിൽ പ്രവേശനം നേടി അൽ​ഗ; സ്വർണ്ണപതക്കം നൽകി അനുമോദിച്ച് മന്ത്രി

By Web Team  |  First Published Sep 22, 2022, 2:34 PM IST

പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് നല്‍കിവരുന്ന പിന്തുണയുടെ ഫലമാണ് അല്‍ഗ ഉള്‍പ്പെടെയുള്ളവരുടെ വിജയം. ആ നേട്ടങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് സമൂഹം ഒന്നാകെ കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 


തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥി അല്‍ഗ ദുര്യോധനനെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ രണ്ടുകൈ ട്രൈബല്‍ കോളനിയിലെ വീട്ടിലെത്തി അനുമോദിച്ചു. സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 

മികച്ച റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ നാടിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് നല്‍കിവരുന്ന പിന്തുണയുടെ ഫലമാണ് അല്‍ഗ ഉള്‍പ്പെടെയുള്ളവരുടെ വിജയം. ആ നേട്ടങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് സമൂഹം ഒന്നാകെ കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഐസറില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായി അല്‍ഗ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ പ്രോല്‍സാഹനസമ്മാനമായ സ്വര്‍ണപ്പതക്കം മന്ത്രി അല്‍ഗയ്ക്ക് കൈമാറി. 

Latest Videos

undefined

പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കി ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു. അല്‍ഗയുടെ പഠനത്തിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കിയ പട്ടികവര്‍ഗ വകുപ്പിനും ജില്ലാ ഭരണത്തിനും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ഈ നേട്ടമെന്നും എംഎല്‍എ പറഞ്ഞു. 

കോവിഡ് ബാധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം അല്‍ഗയ്ക്ക് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിവരം പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അറിയുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഉടന്‍ ഐഐടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഐഐടി ബോര്‍ഡ് തീരുമാനമായതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചപ്പോഴേക്കും ആദ്യപരീക്ഷ കഴിയാറായിരുന്നു. അടുത്ത വര്‍ഷം പ്രിലിമിനറി പരീക്ഷ എഴുതാതെ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അല്‍ഗയെ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. 

എന്നാല്‍ ഒരുവര്‍ഷം കൂടി എന്‍ട്രസ് കോച്ചിംഗ് നേടി വീണ്ടും പരീക്ഷ എഴുതാമെന്നായിരുന്നു അല്‍ഗയുടെ നിലപാട്. ഇതനുസരിച്ച് പാലായിലെ കോച്ചിംഗ് സെന്ററില്‍ സീറ്റ് തരപ്പെടുത്തുകയും മന്ത്രി ഇടപെട്ട് വകുപ്പില്‍നിന്ന് പഠനത്തിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. അച്ഛന്റെ മരണം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഐസര്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ച വിജയം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

താന്‍ മികച്ച ഒരു കോളേജില്‍ പഠിക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് അല്‍ഗ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കുകയും സഹായവും പിന്തുണയും നല്‍കുകയും ചെയ്ത എല്ലാവരോടും അതിയായ നന്ദിയും കടപ്പാടും ഉണ്ടെന്നും അല്‍ഗ പറഞ്ഞു. അഖിലേന്ത്യാതലത്തില്‍ എസ്ടി വിഭാഗത്തില്‍ 158-ാം റാങ്കോടെയാണ് അല്‍ഗ ഐസറിലെ ബിഎസ്- എംഎസ് കോഴ്‌സിന് പ്രവേശനം നേടിയത്.

click me!