കാനഡയിലെ ഇന്ത്യാക്കാർക്കും വിദ്യാർത്ഥികൾക്കും കേന്ദ്രസ‍ര്‍ക്കാരിന്റെ മുന്നറിയിപ്പ്! അതീവ ജാ​ഗ്രത പാലിക്കണം

By Web Team  |  First Published Sep 20, 2023, 3:24 PM IST

ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാർ​ഗനിർദേശത്തിലുള്ളത്. 


ദില്ലി : ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാ​ഗ്രത പാലിക്കണമെന്ന് നി‍ര്‍ദ്ദേശം.  ഈയിടെയായി ഇന്ത്യൽ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് എതിരു നിൽക്കുന്നവർക്ക് നേരെയും കാനഡയിൽ ഭീഷണികളുണ്ടായി. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഇന്ത്യാവിരുദ്ധ കാര്യങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാർ​ഗനിർദേശത്തിലുള്ളത്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നി‍ര്‍ദ്ദേശിച്ചിട്ടുണ്ട്.

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. യുകെയിലെയും കാനഡയിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ കേസെടുത്തിരുന്നു.

Latest Videos

ഹർദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഈ കേസിൽ തെളിവ് ശേഖരിക്കുന്നതിന് കാനഡയിലേക്ക് പോകാനിരുന്ന എൻഐഎ യാത്രയാണ് നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. 

ഖലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കാനഡയിലെ ഭീകരരുടെ പട്ടിക നേരത്തെ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതിൽ ചിലരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കും. ഹർദീപ് സിംഗ് നിജ്ജാർ 1997 ൽ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നുവെന്നും വിദേശകാര്യ വൃത്തങ്ങൾ പറയുന്നു. 

അതേസമയം ഈ മാസം 25 ന് ദില്ലിയിൽ നടക്കുന്ന ഇന്തോ പസഫിക് ആർമി ചീഫ് കോൺഫറൻസിൽ കാനഡ പങ്കെടുക്കുമെന്നറിയിച്ചു. കാനഡ മിലിറ്ററി അറ്റാഷേയുടെ നേതൃത്ത്വത്തിലുള്ള സംഘം ദില്ലിയിലെത്തി. കാനഡ സൈനിക മേധാവിയും ചടങ്ങിൽ പങ്കെടുക്കും. 

click me!