മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള  എട്ടാം ക്ലാസ് വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ

മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കുള്ള പിന്തുണാ ക്ലാസുകൾ ഏപ്രിൽ 8  മുതൽ. 

8th class annual exam result announcement based on minimum marks tomorrow April 6

മിനിമം മാർക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷയുടെ പൂർണ്ണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ (ഏപ്രിൽ 6) നടത്തുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് 1,229 സർക്കാർ സ്‌കൂളുകളിലും 1,434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു. 

എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ 7 ന് രക്ഷകർത്താക്കളെ അറിയിക്കുമെന്നും പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തും. ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ തന്നെ സേ പരീക്ഷ നടത്തും.

Latest Videos

എട്ടാം ക്ലാസ്സിലെ പിന്തുണ ക്ലാസ്സുകൾ ഏപ്രിൽ 8 മുതൽ 24 വരെ നടത്തുന്നതിനുള്ള ഉത്തരവും, ഓരോ ജില്ലയിലും പിന്തുണാ ക്ലാസ്സുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര നിയമിച്ചുകൊണ്ടുള്ള ഉത്തരവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ,  മറ്റ്  ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം കൂടിയ അവസരത്തിൽ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. അതിനു പുറമെ എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും പൂർണ്ണ പിന്തുണ ലഭ്യമായിട്ടുണ്ട്. കൂടാതെ മഹാഭൂരിപക്ഷം വരുന്ന അധ്യാപകരും ഇത്തരത്തിലുള്ള കൂടുതൽ ക്ലാസ്സുകൾ വേണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ക്ലാസ്സുകളുടെ മോണിട്ടറിംഗും അർഹതപ്പെട്ട കുട്ടികൾക്ക് പരിഗണന ലഭ്യമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദമായ പരിശോധനയും  ഉണ്ടാകും. ഇതുകൂടാതെ ബി.ആർ.സി., സി.ആർ.സി തലത്തിലുള്ള മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നിർവ്വഹണ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗം ഏപ്രിൽ 7 ന് നടത്തും. സ്‌കൂൾ അവധികാലത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നാലു കിലോ അരി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 26 ലക്ഷം കുട്ടികൾക്ക് 17,313 മെട്രിക്  ടൺ അരി വിതരണം ചെയ്യും. 

READ MORE: സംസ്കൃത സ‍‍ര്‍വകലാശാലയിൽ ഒഴിവുകൾ; വാക്ക് - ഇൻ - ഇൻ്റര്‍വ്യൂ നടത്തും, വിശദ വിവരങ്ങൾ ഇതാ

vuukle one pixel image
click me!