6 മണിക്കൂർ അച്ഛനൊപ്പം ഇഷ്ടികക്കളത്തിൽ ജോലി, 5 മണിക്കൂർ സ്വയം പഠനം; നീറ്റ് പരീക്ഷയില്‍ 720 ല്‍ 516 മാര്‍ക്ക്!

By Web Team  |  First Published Sep 20, 2023, 12:03 PM IST

റായ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദുർഗ് ജില്ലയിലെ ഉതായ് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള യമുന ചക്രധാരി എന്ന പെൺകുട്ടിക്കും കുട്ടിക്കാലം മുതൽ ഒരു സ്വപ്നമുണ്ടായിരുന്നു.


റായ്പൂർ: പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും ലക്ഷ്യത്തിനായി പരിശ്രമിക്കുന്നവരുടെ ജീവിതം എല്ലാക്കാലത്തും പ്രചോദനാത്മകമാണ്. നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ അത് നേടിയെടുക്കണമെന്ന തീവ്രമായ ആ​ഗ്രഹം മനസ്സിലുണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളും നിസ്സാരമായേക്കാം. എത്ര കഷ്ടപ്പാട് സഹിച്ചിട്ടാണെങ്കിലും ആ നേട്ടത്തിനായി നമ്മൾ കഠിനാധ്വാനം ചെയ്യും. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നത്തെ എത്തിപ്പിടിക്കും. റായ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദുർഗ് ജില്ലയിലെ ഉതായ് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള യമുന ചക്രധാരി എന്ന പെൺകുട്ടിക്കും കുട്ടിക്കാലം മുതൽ ഒരു സ്വപ്നമുണ്ടായിരുന്നു. പഠിച്ച് ഡോക്ടറാകണം. പാവപ്പെട്ട തന്റെ കുടുംബത്തിന് താങ്ങും തണലുമാകണം. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവൾ മിടുക്കിയായി പഠിച്ചു. ഒടുവിൽ അവളുടെ സ്വപ്നത്തിലേക്കെത്തി. നീറ്റ് പരീക്ഷയിൽ മികച്ച വിജയം തേടി ഡോക്ടറാകാനൊരുങ്ങുന്നു. 

ഇവിടേക്ക് എത്താൻ യമുനക്ക് മുന്നിൽ പ്രതിസന്ധികളേറെയായിരുന്നു. ആദ്യത്തേത് സാമ്പത്തികം തന്നെ. ഇഷ്ടികനിർമാണ തൊഴിലാളി ആയിരുന്നു യമുനയുടെ അച്ഛൻ. ഈ ജോലി ചെയ്താണ് യമുനയുടെ അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. യമുനയും അച്ഛനൊപ്പം ജോലി ചെയ്തു. ഒരു ദിവസം ആറ് മണിക്കൂർ ഇഷ്ടികക്കളത്തിൽ ജോലി ചെയ്ത് പരീക്ഷയ്ക്ക് സ്വയം പഠിച്ചു. ഒപ്പം പഠനത്തിനായി അഞ്ച് മണിക്കൂർ മാറ്റിവെച്ചു.  കുടുംബത്തിലെല്ലാവരും അച്ഛനെ ജോലിയിൽ സഹായിക്കുന്നുണ്ട്. തനിക്ക് മാത്രം എങ്ങനെയാണ് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുക എന്നാണ് യമുനയുടെ ചോദ്യം. യമുനയുടെ നേട്ടത്തിന് അതുകൊണ്ട് തിളക്കമേറെ. ബൈജ്നാഥ് ചക്രധാരിയുടെയും കുസുമം ചക്രധാരിയുടെയും മകളാണ് യമുന ചക്രധാരി. 
 
"എന്റെ മാതാപിതാക്കൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരല്ല, അതിനാൽ അവർക്ക് ഞങ്ങളെ നയിക്കാൻ കഴിഞ്ഞില്ല. ഞാൻ  12-ാം ക്ലാസ് വരെ പഠിച്ചത് ഉത്തായിയിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. 10ാം ക്ലാസിലും 12ാം ക്ലാസിലും എനിക്ക് 91 ശതമാനം മാർക്കുണ്ടായിരുന്നു. ബയോളജി ആയിരുന്നു എന്റെ ഇഷ്ടവിഷയം. 12ാം ക്ലാസിൽ മികച്ച മാർക്കോടെ ഒന്നാമതെത്തിയപ്പോൾ ഉതായി പഞ്ചായത്തിൽ ക്ലിനിക്ക് നടത്തുന്ന ഡോ. അശ്വിനി ചന്ദ്രക്കറുമായി അച്ഛൻ എന്റെ ആ​ഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് കോച്ചിം​ഗിനായി പോയത്. എന്നാൽ മൂന്ന് തവണ നീറ്റിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ 2023-ൽ നാലാമത്തെ ശ്രമത്തിലാണ് വിജയിക്കാൻ സാധിച്ചത്. എന്റെ നേട്ടത്തിന് പിന്നിൽ സ്കൂളിലെ ബയോളജി അധ്യാപികയായ കിരൺ ശർമ്മയും മൂത്ത സഹോദരി യുക്തിയുമാണ്. യമുന ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ നീറ്റ് പരിക്ഷയിൽ 720 ൽ 516 മാർക്ക് നേടിയാണ് യമുന വിജയിച്ചത്. 

Latest Videos

ആദ്യ ശ്രമത്തിൽ തന്നെ പരാജയപ്പെട്ടതിനെത്തുടർന്ന് ബിഎസ്‌സി പഠനത്തിനായി ദുർഗിലെ കോളേജിൽ പ്രവേശനം നേടി. ബിരുദപഠനം പൂർത്തിയാക്കിയതിനൊപ്പം തന്നെ നീറ്റ് പരീക്ഷക്കായുള്ള പരിശീലനവും തുടർന്നു. തന്റെ അറിവിൽ 12-ലെ ബോർഡ് പരീക്ഷയിൽ ബയോളജിക്ക് നൂറിൽ 100 ​​മാർക്ക് വാങ്ങിയ ഒരു വിദ്യാർത്ഥിയെയും ഇതുവരെ കണ്ടിട്ടില്ലെന്ന് യമുനയുടെ ബയോളജി അധ്യാപിക കിരൺ ശർമ്മ പറയുന്നു. "100 മാർക്കുള്ള ബയോളജി പേപ്പറിൽ തിയറിക്ക് 70 മാർക്കും പ്രാക്ടിക്കലിന് 30 മാർക്കുമുണ്ട്. തിയറി പേപ്പറിൽ 70-ൽ 70 മാർക്കാണ് യമുന നേടിയത്.  ഈ നേട്ടം അപൂർവ്വമാണ്. എല്ലാവിധ പ്രതിന്ധങ്ങളെയും തരണം ചെയ്താണ് അവൾ ഈ വിജയത്തിലേക്കെത്തിയിരിക്കുന്നത്," അധ്യാപികയുടെ വാക്കുകൾ. 

സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് യമുന ചക്രധാരിയുടെ ജീവിതവും നേട്ടവും. സാമ്പത്തിക പരാധീനതകൾ തരണം ചെയ്താണ് യമുന ഓരോ നിമിഷവും മുന്നോട്ട് പോയത്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരാൾക്ക് വെല്ലുവിളികളെ പരിഗണിക്കാതെ വിജയം കൈവരിക്കാനാകുമെന്ന ഓർമ്മപ്പെടുത്തലാകുന്നുണ്ട് യമുനയുടെ വിജയം. 

11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം

യുജിസി നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

click me!