5 ലക്ഷം വാർഷിക ശമ്പളം തുടക്കത്തിൽ തന്നെ! 3000ത്തോളം പേര്‍ക്ക് യുഎസ് കമ്പനികളിൽ ജോലി ഉറപ്പ്, ഇത് വമ്പൻ അവസരം

By Web Team  |  First Published Feb 15, 2024, 3:40 PM IST

യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരളയുടെ ലക്ഷ്യം


കൊല്ലം:  യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളെജില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ. അധ്യക്ഷനാകുന്ന ചടങ്ങില്‍ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള വിവിധ സെമിനാറുകള്‍ കരീക്കോട് ടികെഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിലും നടക്കും. യുഎസ് നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളായ ഇവൈ, കെപിഎംജി, എച്ച്ആന്റ്ആര്‍ ബ്ലോക്ക്, ജിറ്റി, ഗ്രേറ്റ് അഫിനിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, വിദഗ്ധരും, കൊമേഴ്‌സ് അധ്യാപകരും, അസാപ് കേരളയുടെ പരിശീലനത്തിലൂടെ ഈ മേഖലയില്‍ ജോലി ലഭിച്ചവരും വിവിധ സെഷനുകളിലായി പങ്കെടുക്കും. 

യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരളയുടെ ലക്ഷ്യം. നിരവധി അവസരങ്ങളുള്ള എന്റോള്‍ഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തില്‍ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്‌സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവര്‍ക്ക് ഉള്ളത്. നിലവില്‍ 3000ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികള്‍ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ട്.  എന്നാല്‍ വേണ്ടത്ര യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്ല. ഈ വിടവ് നികത്താനാണ് അസാപ് കേരള ഇ.എ പരിശീലന കോഴ്‌സ് ആരംഭിച്ചത്. കൊമേഴ്‌സ് പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. 

Latest Videos

undefined

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും  യു.എസ് നികുതി രംഗത്ത് മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുള്ള എന്റോള്‍ഡ് ഏജന്റ് പ്രൊഫഷനെ കുറിച്ച് മനസിലാക്കുകയും തുടര്‍നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ  ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി  അസാപ് കേരള ആരംഭിച്ച പരിശീലന പരിപാടിയാണ് എന്റോള്‍ഡ് ഏജന്റ്. 

കേരളത്തില്‍ ഇരുന്നുകൊണ്ടുതന്നെ അമേരിക്കന്‍ നികുതി ദായകരുടെ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധികാരമുള്ള പ്രൊഫഷനലാകാം എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. കൊമേഴ്സ് പശ്ചാത്തലമുള്ള യുവജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. യു.എസ് സര്‍ക്കാരിന്റെ   ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് അഥവാ ഐആര്‍എസ്  നടത്തുന്ന സ്‌പെഷ്യല്‍ എന്റോള്‍മെന്റ് എക്‌സാമിനേഷന്‍ വിജയിക്കുന്നവര്‍ക്കാണ് ആണ് ഈ ലൈസന്‍സ് ലഭിക്കുന്നത്. 

തുടക്കത്തില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഈ ജോലി, ചെറിയ സമയംകൊണ്ട് തന്നെ  യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ നൂറിലധികം ഉദ്യോഗാര്‍ത്ഥികളെ  ജോലിയെന്ന സ്വപനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും  അസാപിന് സാധിച്ചു.  

അസാപിന്റെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിച്ച ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ബഹുരാഷ്ട്ര കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പ്ലെയ്‌സ്‌മെന്റ് ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രേറ്റ് അഫിനിറ്റി എന്ന അമേരിക്കന്‍ കമ്പനി അവരുടെ സാറ്റലൈറ്റ് ഓഫീസ് കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയ ലീപ് സെന്ററില്‍ ആരംഭിക്കുകയും ചെയ്തു.  ഇവിടെ നാല്പതിലധികം  യുവാക്കള്‍ ജോലി ചെയ്തുവരുന്നു. ഇതിലൂടെ വികേന്ദ്രീകൃത തൊഴിലിടങ്ങള്‍ എന്ന പുതിയ തൊഴില്‍ സംസ്‌കാരം അവതരിപ്പിക്കുവാന്‍ സാധിച്ചു. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ഗ്രേറ്റ് അഫിനിറ്റിയുടെ  സാറ്റലൈറ്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

നിലവില്‍ അഞ്ഞൂറോളം  ഉദ്യോഗാര്‍ത്ഥികളാണ് അസാപിന്റെ എന്റോള്‍ഡ് ഏജന്റ് കോഴ്സില്‍ ചേര്‍ന്നിട്ടുള്ളത്. കേരളത്തിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിരുദപഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അസാപിന്റെ എന്റോള്‍ഡ് ഏജന്റ് കോഴ്‌സ് കൂടി നല്‍കുവാന്‍ സന്നദ്ധമായിട്ടുണ്ട്. അസാപുമായി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരണയില്‍ എത്തുക വഴി  അക്കാദമിക പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുന്ന വലിയ ചുവടുവയ്പിന് കൂടി അവസരമൊരുക്കുകയാണ്. തുടക്കത്തില്‍  ആയിരം എന്റോള്‍ഡ് ഏജന്റുമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് അസാപ് ഇപ്പോള്‍ ഉള്ളത്. 

അമേരിക്കന്‍ നികുതി രംഗത്തെ വിശിഷ്യാ എന്റോള്‍ഡ് ഏജന്റ് കോഴ്സിന്റെ ഈ മഹാവിജയം വലിയ പ്രതീക്ഷകള്‍ തുറന്നിടുകയാണ്. ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയില്‍ നമ്മുടെ നാടിന്റെ യുവസമ്പത്ത് നാട്ടിലിരുന്നുകൊണ്ട് തന്നെ സമ്പാദിക്കുകയും നമ്മുടെ എക്കോണമിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകത്തിലെ പ്രമുഖ ടാക്‌സ് അക്കൗണ്ടിംഗ് കമ്പനികള്‍ കേരളത്തില്‍ വരാന്‍ സന്നദ്ധരാകുന്നു.. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കോളേജുകളിലെ കൊമേഴ്സ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും  തൊഴില്‍ സാധ്യതകള്‍ പരമാവധി പരിചയപ്പെടുത്താനും, പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും, അവ മുതലാക്കി മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ആണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. 

നിലവില്‍ ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആണ് അസാപിന്റെ സംസ്ഥാനത്തെ ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബാച്ച് ആരംഭിക്കുന്നത്. ബി.കോം രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും, എം.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും  ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് ആരംഭിക്കുകയും. ആദ്യ ഘട്ടത്തില്‍ മൂന്നാം വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ 7 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ ഉടനെ ബഹുരാഷ്ട്ര കമ്പനികളില്‍ മികച്ച ശമ്പളത്തോടെ പ്‌ളേസ്‌മെന്റ് ലഭിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇന്റര്‍വ്യൂ ഒരുക്കും. ഈ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഈ കോഴ്സിന്റെ  ക്യാംപസ് അംബാസ്സിഡര്‍മാര്‍. ഇവരാണ് പരിപാടിയുടെ മുഖ്യ സംഘാടകരും. 

കേരളത്തില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ, നിലവില്‍ പല പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് ഇരിക്കുന്ന പ്രമുഖരുമായി സംവദിക്കാനും, അവരുടെ വിജയ വഴികള്‍ അറിയാനുമുള്ള അവസരം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. അസാപ് കേരള ട്രെയിനിംഗ് ഹെഡ് സജി ടി,  ടി കെ എം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ . ഡോ. അയൂബ്,  ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ചിത്ര ഗോപിനാഥ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത, ഇത് സുവർണാവസരം! മികച്ച ജോലി സ്വപ്നം കാണുന്നവരെ ഇതിലേ, വേഗം രജിസ്റ്റർ ചെയ്യൂ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!