അങ്ങനെയൊരു അധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥ പറയുന്നതാണ് ഒരു വൈറൽ പോസ്റ്റ്.
വെല്ലുവിളി നിറഞ്ഞ മത്സര പരീക്ഷകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ പഠിക്കുന്നത് സ്വാഭാവികമാണ്. അവരുടെ വിജയങ്ങൾ ആഘോഷിക്കപ്പെടാറുമുണ്ട്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ഒന്നുണ്ട് വലിയൊരു കരിയർ ഉണ്ടാക്കിയെടുത്തവുർ അതിനായി ചെലവഴിച്ച സമയവും അധ്വാനവും ആണത്. അങ്ങനെയൊരു അധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥ പറയുന്നതാണ് ഒരു വൈറൽ പോസ്റ്റ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലേക്ക് അഡ്മിഷൻ ലഭിക്കാനുള്ള ഒരാളുടെ കഠിനാധ്വാനത്തിന്റെ വ്യാപ്തി എടുത്തുകാണിക്കുന്നതാണ് ആ പോസ്റ്റ്. ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന് ( ജെഇഇ) തയ്യാറെടുക്കുന്ന ഒരു സുഹൃത്തിന്റെ പഠന ടൈംടേബിൾ ആണ് യുവാവ് പുറത്തുവിട്ടത്.
undefined
എക്സിൽ മിസ്റ്റർ ആർസി എന്ന് പേരിട്ടിരിക്കുന്ന ഉപയോക്താവാണ് ഒരു ചിത്രം പങ്കുവച്ചത്, 16 കാരനെന്ന് പരിചയപ്പെടുത്തി, തന്റെ 17 വയസ്സുള്ള സുഹൃത്ത് സ്വന്തം കൈയക്ഷരത്തൽ എഴുതിയ ടൈം-ടേബിളാണ് പങ്കുവച്ചത്. ജെഇഇക്ക് തയ്യാറെടുക്കുന്ന ഒരു അടുത്ത സുഹൃത്തിൻ്റെ ഷെഡ്യൂൾ എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. കുറിപ്പിൽ പറയുന്നതനുസരിച്ച്, പുലർച്ചെ നാലരയ്ക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങുന്നതാകട്ടെ അർധ രാത്രി കഴിഞ്ഞും. ഷെഡ്യൂൾ പ്രകാരം വെറും നാലര മണിക്കൂർ മാത്രമാണ് ഉറക്കം. എഴുന്നേറ്റ ശേഷം ആദ്യ രണ്ടര മണിക്കൂർ ചെയ്യുന്നത് പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുക എന്നതാണ്.
ഇതിന് മുമ്പ് ഫ്രഷാകാൻ എടുക്കുന്നത് അരമണിക്കൂർ. 7.45 മുതൽ 10 മണിവരെയാണ് ക്ലാസിലെ ഹോംവർക്കുകൾ ചെയ്യാനുള്ള സമയം. ഇതിനിടയിൽ 15 മിനിറ്റ്‍ വിശ്രമം ഉണ്ട്. 12 മണിയോടെയാണ് ക്ലാസിലെത്തുന്നത്. ക്ലാസിനിടെ ലഞ്ച് ബ്രേക്ക് 20 മിനിറ്റാണ്. അത് കഴിഞ്ഞ് മൂന്നു മണിക്കൂർ നീണ്ട കഠിനമായ പഠനം നടത്തും. അര മണിക്കൂർ ഇടവേളയെടുക്കും. പിന്നീട് വൈകീട്ട് 4 മുതൽ 8.30 വരെ വീണ്ടും ക്ലാസ് നടക്കും. അതിനു ശേഷം 30 മിനിറ്റ് നോട്ട് എഴുതിയെടുക്കും. ഡിന്നറിന് ശേഷം രാത്രി 11.45 വരെ ഇരുന്ന് പഠിക്കും.
അവൻ ഷെഡ്യൂൾ കർശനമായി പിന്തുടരുന്നുണ്ടെന്നും എക്സിൽ പോസ്റ്റ് പങ്കിട്ട സുഹൃത്ത് പറഞ്ഞു. അവൻ അത് വളരെ കൃത്യമായി പിന്തുടരുന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള ദൃഢനിശ്ചയമാണ് അതിന് പിന്നിലെന്നും മിസ്റ്റർ ആർസി കുറിക്കുന്നു. ഇതുപോലെയുള്ള നിരവധി കുട്ടികളുണ്ടെന്നും മികച്ച ഭാവിക്കായി ഇതുപോലെ കഠിനാധ്വാനം ചെയ്യുകയല്ലാതെ മറ്റൊന്നും അവരുടെ മുന്നിൽ ഇല്ലെന്നും ആയിരുന്നു പോസ്റ്റിന് ചിലരുടെ കമന്റുകൾ.