സ്കൂൾ വിട്ട് 5 മണിക്കൂർ സമോസ വിൽപ്പന, ശേഷം പുലരും വരെ പഠനം; എംബിബിഎസ് പ്രവേശനം നേടി 18കാരൻ സണ്ണി

By Web Team  |  First Published Aug 31, 2024, 11:00 AM IST

വൈകീട്ട് നാല് മണി മുതൽ രാത്രി 9 മണി വരെ പക്കോഡയും സമൂസയും വിൽക്കും. അഞ്ച് മണിക്കൂർ ഈ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാണ് നീറ്റ് പരീക്ഷയ്ക്കായി സണ്ണി തയ്യാറെടുത്തിരുന്നത്. 


എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു 18കാരൻ സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ്. കുടുംബത്തിന് കൈത്താങ്ങാവാൻ സമോസയും പകോഡയും വിറ്റ ശേഷം പുലരും വരെയിരുന്ന് പഠിച്ചു നേടിയ സണ്ണി കുമാറിന്‍റെ മിന്നും ജയത്തിന് തിളക്കമേറെയുണ്ട്. 

നോയിഡ സ്വദേശിയായ സണ്ണി കുമാർ നീറ്റ് യുജി പരീക്ഷയിൽ 720 ൽ 664 മാർക്കാണ് നേടിയത്. ഡോക്ടറാകുക എന്ന സ്വപ്നത്തിലേക്കുള്ള സണ്ണിയുടെ യാത്ര കഠിനമേറിയതായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നിന്നും മടങ്ങിയെത്തി സമോസ വിൽപ്പന നടത്തിയ ശേഷമാണ് സണ്ണി പഠിച്ചിരുന്നത്. വൈകീട്ട് നാല് മണിക്ക് നോയിഡ സെക്ടർ 12ൽ സ്റ്റാൾ സ്ഥാപിച്ച് രാത്രി 9 മണി വരെ പക്കോഡയും സമൂസയും വിൽക്കും. അഞ്ച് മണിക്കൂർ നേരം ഈ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാണ് നീറ്റ് പരീക്ഷയ്ക്കായി സണ്ണി തയ്യാറെടുത്തിരുന്നത്. 

Latest Videos

undefined

അച്ഛൻ കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നതു കൊണ്ടാണ് തനിക്ക് പഠിക്കേണ്ട സമയത്ത് ജോലി ചെയ്യേണ്ടി വന്നതെന്ന് സണ്ണി പറയുന്നു. അമ്മയുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് കരുത്ത് നൽകിയത്. ചിലപ്പോള്‍ രാത്രി മുഴുവൻ ഇരുന്ന് പഠിക്കും. അങ്ങനെ കണ്ണ് വേദനിക്കാറുണ്ടെന്ന് സണ്ണി പറഞ്ഞു. സണ്ണി താമസിച്ചിരുന്ന വാടക വീട്ടിലെ ചുവരുകളിൽ നിറയെ പഠനാവശ്യത്തിനുള്ള കുറിപ്പുകൾ ഒട്ടിച്ചുവെച്ചിരിക്കുകയാണ്. 

മരുന്നുകൾ കഴിക്കുമ്പോൾ ആളുകൾ എങ്ങനെ സുഖം പ്രാപിക്കുന്നു എന്നറിയാൻ അതിയായ ആഗ്രഹം തോന്നിയെന്നും അങ്ങനെയാണ് ഡോക്ടറാവാൻ താൽപ്പര്യം തോന്നിയതെന്നും സണ്ണി പറഞ്ഞു. കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകുന്ന ഫിസിക്സ് വാല സണ്ണിയുടെ പഠനത്തിനായി ആറ് ലക്ഷം രൂപ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. എംബിബിഎസ് പഠനത്തിനായുള്ള മെഡിക്കൽ കോളേജിലെ ട്യൂഷൻ ഫീസ് അടയ്ക്കാമെന്നും വാഗ്ദാനം ചെയ്തു. 

അപൂര്‍വ രോഗത്തെ പൊരുതിത്തോൽപ്പിച്ച് എംബിബിഎസ് പ്രവേശനം; അതിജീവനത്തിന്‍റെ പര്യായമായി പാർത്ഥിപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!