Gothra Sarathi Project : ഗോത്രസാരഥി പദ്ധതി: എറണാകുളം ജില്ലയിൽ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കി 101 കുട്ടികൾ

By Web Team  |  First Published Jul 6, 2022, 1:34 PM IST

സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗോത്രസാരഥി. 


എറണാകുളം: ദുർഘട വനപ്രദേശങ്ങളിലും മതിയായ വാഹന സൗകര്യം ഇല്ലാത്ത ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിലും താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട (tribal stucents) വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച ഗോത്ര സാരഥി (gothra saradhi project) പദ്ധതിയിൽ (education) വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി 101 വിദ്യാർത്ഥികൾ. ജില്ലയിൽ ആദിവാസി, പട്ടികവർഗ്ഗ വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഗവൺമെൻ്റ് എച്ച്എസ്എസ് മാമലക്കണ്ടം, എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം, ഗവൺമെൻ്റ് യുപിഎസ് ഇടമലയാർ എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  

ഊരുകളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിന് ഗവൺമെൻ്റ് എച്ച്എസ്എസ് മാമലക്കണ്ടം, എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം എന്നീ വിദ്യാലയങ്ങളിൽ സ്കൂൾ ബസ് സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗവൺമെൻ്റ് യുപിഎസ് ഇടമലയാറിൽ രണ്ട് ജീപ്പുകളും ഒരുക്കിയിട്ടുണ്ട്. ജീപ്പിന് പ്രതിദിനം 3000 രൂപ വാടകയിനത്തിൽ ചിലവ് വരും.

Latest Videos

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന  വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരുക വളരെ പ്രയാസമായിരുന്നു. മതിയായ വാഹനസൗകര്യം ഇല്ലാതെ,  വന്യജീവികളുടെ ആക്രമണം ഭീഷണി മൂലവും വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് വരുന്നത് കുറഞ്ഞു. വിദ്യാർത്ഥികൾക്കെല്ലാം ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ കഴിയാത്ത  സാഹചര്യത്തിൽ സർക്കാർ പിന്തുണയോടെ ഗോത്രസാരഥി പദ്ധതി ഈ ഊരുകളിലെ കുട്ടികൾക്ക് വലിയ ആശ്വാസമാണെന്ന് ജില്ല ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ അനിൽ ഭാസ്കർ പറഞ്ഞു.  

സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗോത്രസാരഥി. എൽപി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ വാസസ്ഥലവും സ്കൂളും തമ്മിൽ അര കിലോമീറ്ററിൽ കൂടുതലും യുപിതലത്തിൽ ഒരു കിലോമീറ്ററിൽ കൂടുതലും ഹൈസ്കൂൾ തലത്തിൽ രണ്ട് കിലോമീറ്ററിൽ കൂടുതലും വ്യത്യാസം ഉണ്ടായിരിക്കണം. ഓരോ കോളനികളിൽ നിന്നും സ്കൂളിൽ പോയി വരുന്ന കുട്ടികൾ അഞ്ചിൽ കുറവാണെങ്കിൽ ഓട്ടോറിക്ഷയും അഞ്ചു മുതൽ 12 വരെയാണെങ്കിൽ ജീപ്പും അതിൽ കൂടുതൽ വരികയാണെങ്കിൽ അതനുസരിച്ച് വാഹന സൗകര്യവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും.  പട്ടികവർഗ്ഗ വികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പിടിഎ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

6

click me!