ഓരോ വിദ്യാർത്ഥിക്കും 6 മാസത്തേക്ക് പ്രതിമാസം 10,000 രൂപ ഗ്രാൻഡ്; വലിയ അവസരം, കുതിപ്പ് ലക്ഷ്യമിട്ട് സ‍ർക്കാർ

By Web Team  |  First Published Mar 1, 2024, 4:36 PM IST

സാങ്കേതിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ഐഡിസി വഴി ഇൻറേൺഷിപ്പിന് അവസരം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭാവിയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


തിരുവനന്തപുരം: വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള സാങ്കേതിക പരിഹാരത്തിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മികവ് ഉപയോഗിക്കുന്ന പദ്ധതിയ്ക്കായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റും (ഡിഐ ആൻഡ് സി ) എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും (കെടിയു) കൈകോർക്കുന്നു.

ഇത് സംബന്ധിച്ച ധാരണാപത്രം വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവിൻറെ സാന്നിധ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ എസ്. ഹരികിഷോറും കേരള സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ. പ്രവീണും കൈമാറി.  കെടിയു വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും സന്നിഹിതരായിരുന്നു.

Latest Videos

undefined

സാങ്കേതിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ഐഡിസി വഴി ഇൻറേൺഷിപ്പിന് അവസരം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭാവിയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാവസായിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നിർമ്മാണമേഖലയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക കണ്ടുപിടുത്തങ്ങൾ വികസിപ്പിക്കുന്നതിലും ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഗ്രാൻറ് മുഖേന സഹായം നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിൻറെ ഭാഗമായി ഗവേഷണം നടത്തുന്ന ഓരോ വിദ്യാർത്ഥിക്കും പരമാവധി 6 മാസത്തേക്ക് പ്രതിമാസം 10,000 രൂപ ഗ്രാൻറ് നൽകും. ഗ്രാൻറ് നൽകുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളും സർവകലാശാലകളും തമ്മിൽ ഫലപ്രദമായ ബന്ധം സ്ഥാപിക്കുന്നതിനും വ്യവസായങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി സാങ്കേതിക സഹായം നൽകുന്നതിനും പദ്ധതിയിലൂടെ സാധിക്കും.

സംരംഭങ്ങളുടെ സാങ്കേതിക തലത്തിലും മാനേജ്മെൻറ് തലത്തിലും പരിഹരിക്കേണ്ട വിഷയങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കണ്ടെത്തും. അവ സാങ്കേതിക സർവകലാശാല വഴി പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് പ്രശ്ന പ്രസ്താവനകളായി കൈമാറും. ഗുണമേന്മയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുക, യന്ത്രവൽക്കരണം വർദ്ധിപ്പിക്കുക, പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ സ്വീകരിക്കുക, മലിനീകരണം ലഘൂകരിക്കുക തുടങ്ങിയ മേഖലകളിൽ വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള സാങ്കേതിക പരിഹാരങ്ങൾ വിദ്യാർത്ഥികൾ ഗവേഷണത്തിലൂടെ കണ്ടെത്തും. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ സർവകലാശാല സമർപ്പിക്കുന്ന ഗവേഷണ റിപ്പോർട്ട് വ്യവസായവകുപ്പ് സംരംഭങ്ങൾക്ക് കൈമാറും. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയ്ക്ക് കീഴിലുള്ള സഹായത്തിന് അർഹതയുള്ളത്.

12 മൂതൽ 15 മീറ്റർ വരെ വ്യാസമുള്ള ഭീമാകാരമായ ജിയോട്യൂബ്; ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി പൂന്തുറയ്ക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!