Budget 2022 : അവഗണിക്കുന്നെന്ന് പരാതി: കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

By Web Team  |  First Published Jan 24, 2022, 10:30 PM IST

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മുൻപേ പ്രഖ്യാപിക്കപ്പെട്ടതും ഇനിയും യാഥാർത്ഥ്യമാകാത്തതുമായ പദ്ധതികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വെച്ചിരിക്കുന്നത്


ഹൈദരാബാദ്: തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് തെലങ്കാന സർക്കാർ കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനയച്ചു. കേന്ദ്രം നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ സംസ്ഥാനത്തിന് അർഹമായത് കിട്ടുന്നില്ലെന്നാണ് പരാതി. ഓരോ വിഭാഗങ്ങൾ തിരിച്ച് സംസ്ഥാനത്തിന്റെ ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മുൻപേ പ്രഖ്യാപിക്കപ്പെട്ടതും ഇനിയും യാഥാർത്ഥ്യമാകാത്തതുമായ പദ്ധതികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ കൂടുതൽ ഉദാരമായ നിലപാട് സ്വീകരിക്കണമെന്ന് നേരത്തെ തന്നെ മന്ത്രി കെടി രാമ റാവു കത്തിലൂടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെടുന്നുണ്ട്.

Latest Videos

undefined

ഹൈദരാബാദിനെ പ്രതിരോധ വ്യവസായ ഇടനാഴിയിൽ ഉൾപ്പെടുത്തു, ഹൈദരാബാദ് ഫാർമ സിറ്റിക്ക് പണം അനുവദിക്കുക, നാഷണൽ ഡിസൈൻ സെന്റർ സ്ഥാപിക്കുക, വ്യവസായ ഇടനാഴികളായ ഹൈദരാബാദ് - വാറങ്കൽ,  ഹൈദരാബാദ് - നാഗ്പൂർ, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - വിജയവാഡ എന്നിവയുടെ വികസനത്തിനുള്ള സഹായം, കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിനുള്ള സഹായം, മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റംസ്, വാറങ്കൽ മെട്രോ - നിയോ പ്രൊജക്ട്, സിർസിലയിൽ മെഗാ പവർലൂം പദ്ധതി, പുതിയ റെയിൽ പ്രൊജക്ട് തുടങ്ങി നിരവധി ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

വ്യവസായ ഇടനാഴികൾക്ക് മാത്രം 14000 കോടി രൂപയാണ് ചോദിച്ചത്. ഫാർമ സിറ്റിയോട് അനുബന്ധിച്ച വ്യവസായ ഇടനാഴികൾക്കായി രണ്ടായിരം കോടി രൂപ വീതവും ചോദിച്ചിട്ടുണ്ട്. എന്നാൽ എൻഡിഎക്ക് പുറത്തുള്ള കക്ഷി ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ബജറ്റിന് തൊട്ടുമുൻപുള്ള ഈ പട്ടിക കേന്ദ്രം പരിഗണിക്കുമോയെന്ന കാര്യം ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ പെട്ടി തുറക്കുമ്പോൾ മാത്രമേ അറിയാനാവൂ.
 

click me!