മുൻകാലങ്ങളിൽ ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ വന്ന ശേഷമാണ് ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്
ദില്ലി: രണ്ടാം മോദി സർക്കാരിന്റെ നാലാമത്തെ സമ്പൂർണ ബജറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊവിഡ് മഹാമാരി പിടിച്ചുലച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ തിരിച്ചടിയും ഭാവിയിലെ മുന്നേറ്റത്തിനുള്ള നയങ്ങളുമെല്ലാം ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ ബജറ്റിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനത്തിനായി ഓരോ സംസ്ഥാനവും ഓരോ വ്യക്തികളും കാതോർത്തിരിക്കാറുമുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രിയാണ് പതിവായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇക്കുറിയും ആ പതിവിൽ മാറ്റമില്ല. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ നാലാമത്തെ സമ്പൂർണ ബജറ്റ് 2022 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക.
undefined
സാധാരണ രണ്ട് മണിക്കൂർ വരെയാണ് ബജറ്റ് പ്രസംഗങ്ങൾ നീണ്ടുനിൽക്കാറുള്ളത്. എന്നാൽ 2020 ൽ രണ്ട് മണിക്കൂറും 40 മിനിറ്റും നിർത്താതെ ബജറ്റ് അവതരിപ്പിച്ച് റെക്കോഡിട്ടതാണ് ഇപ്പോഴത്തെ ധനമന്ത്രി നിർമല സീതാരാമൻ. എന്നിട്ടും ബജറ്റ് പ്രസംഗം പൂർത്തിയാക്കാൻ കഴിയാതെ അവർ അവസാനത്തെ രണ്ട് പേജുകൾ വായിക്കാതെ വിടുകയായിരുന്നു.
ഇക്കുറി കൊവിഡിൽ പിന്നോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തന്നെയായിരിക്കും കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം. അതിന് കരുത്തേകുന്ന വിധത്തിലുള്ള പദ്ധതികൾക്കും പ്രഖ്യാപനങ്ങളുമാണ് രാജ്യം പ്രതീക്ഷിക്കുന്നതും.
മുൻകാലങ്ങളിൽ ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ വന്ന ശേഷമാണ് ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഫെബ്രുവരി ഒന്നിന് ലോക്സഭയിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. രാജ്യസഭാംഗങ്ങളും യോഗത്തിൽ സംബന്ധിക്കും.