'പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ്, തൊഴിൽ സൗഹൃദവും' മന്ത്രി വി ശിവന്‍കുട്ടി

By Web Team  |  First Published Feb 3, 2023, 4:10 PM IST

വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. 


തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ്  നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി വർധിപ്പിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞതവണ ഇത് 25 കോടി രൂപയായിരുന്നു. 

ഓട്ടിസം പാർക്കിന്‍റെ  വിവിധ പ്രവർത്തനങ്ങൾക്കുള്ള നീക്കിയിരിപ്പ് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് ആവുന്നതാണ്. ഓട്ടിസം പാർക്കിനായി 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയാണ് ഒരു വർഷം സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ ചെലവിടുന്നത്. മൊത്തത്തിൽ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ ധാരയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Videos

undefined

തൊഴിൽ സൗഹൃദ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി. തൊഴിലും തൊഴിലാളി ക്ഷേമവും മേഖലയ്ക്കായി 504.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി പദ്ധതിക്കായി 1.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ വകയിരുത്തി.അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികൾക്ക് ആശ്വാസനിധി, അവശത അനുഭവിക്കുന്ന മരം കയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി, പ്രസവാനുകൂല്യം എന്നീ ഘടകങ്ങൾക്കായി 8 കോടി രൂപ നീക്കിവെച്ചു.

പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, ഖാദി,മുള,ചൂരൽ,മത്സ്യബന്ധനവും സംസ്കരണവും,കശുവണ്ടി, കയർ, തഴപ്പായ,കരകൗശല നിർമ്മാണം മുതലായവയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ നാലു കോടി രൂപ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

click me!