Budget 2022 : സിൽവർ ലൈനിന് ഗ്രീന്‍ സിഗ്നല്‍ തെളിയുമോ; കേന്ദ്ര ബജറ്റിൽ പ്രതീക്ഷയുമായി കേരളം

By Web Team  |  First Published Feb 1, 2022, 12:55 AM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും അതിവേഗ റെയിലിന് പച്ചക്കൊടി വീശിയിട്ടില്ല. കേന്ദ്ര ബജറ്റിൽ നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.


തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്ക് (silver line project)കേന്ദ്ര ബജറ്റിൽ (Union budget) ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍, മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതീക്ഷ പങ്കുവച്ചിരുന്നു.

നികുതി വരുമാനം കുറയുമ്പോൾ കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ഉറപ്പാക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സിൽവർ ലൈനിൽ കേന്ദ്രസർക്കാരിന്‍റെ മനസിലെന്താണെന്ന് ഇപ്പോഴും തെളിഞ്ഞ് വന്നിട്ടില്ല.   മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും അതിവേഗ റെയിലിന് പച്ചക്കൊടി വീശിയിട്ടില്ല. കേന്ദ്ര ബജറ്റിൽ  നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Latest Videos

കൊവിഡിൽ ഇടറി വീണ കേരളത്തിന് ഇത്തവണയും കേന്ദ്രത്തിന്‍റെ പ്രത്യേക പാക്കേജ് സ്വപ്നം മാത്രമാകുമോ എന്നും കണ്ടറിയണം. നാണ്യവിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ,ചെറുകിട വ്യവസായങ്ങൾക്ക് സഹായം,തൊഴിലുറപ്പിലും തൊഴിൽ ലഭ്യതക്കും കൂടുതൽ പ്രഖ്യാപനങ്ങൾ  കേരളം പ്രതീക്ഷിക്കുന്നുണ്ട്. വരവിനെക്കാൾ ചെലവ് കൂടി റവന്യുകമ്മിയിൽ കൂപ്പുകുത്തുന്ന കേരളം കേന്ദ്ര നികുതി വിഹിതത്തിൽ അർഹമായ വിഹിതം പ്രതീക്ഷിക്കുന്നുണ്ട്. 

click me!