പരിസ്ഥിതി സൗഹൃദമായ ഇത്തരം കൃത്രിമ വജ്രങ്ങള്‍ അവയുടെ കാഴ്‍ചയിലും രാസഘടനയിലും യഥാര്‍ത്ഥ വജ്രങ്ങളെപ്പോലെ തന്നെയായിരിക്കും.
ദില്ലി: കൃത്രിമ വജ്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ തൊഴില്‍ സാധ്യതയുള്ള നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ മേഖലയായാണ് കൃത്രിമ വജ്രങ്ങളുടെ നിര്‍മാണത്തെ (Lab grown diamonds) ധനകാര്യ മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദമായ ഇത്തരം കൃത്രിമ വജ്രങ്ങള്‍ അവയുടെ കാഴ്‍ചയിലും രാസഘടനയിലും യഥാര്‍ത്ഥ വജ്രങ്ങളെപ്പോലെ തന്നെയായിരിക്കും. ഇത്തരം കൃത്രിമ വജ്രങ്ങളുടെ അസംസ്കൃത വസ്‍തുക്കളും അവയുടെ ഉത്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും രാജ്യത്ത് നിര്‍മിക്കുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്തുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ഐഐടിക്ക് ധനസഹായം അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു.
undefined
പ്രകൃതിദത്ത വജ്രങ്ങളുടെ കട്ടിങ്, പോളിഷിങ് രംഗങ്ങളില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. മൂല്യത്തിന്റ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ആഗോളതലത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വജ്രങ്ങളുടെ നാലില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ളതാണ്. പ്രകൃതിദത്ത വജ്രങ്ങളുടെ ശേഖരം പരിമിതമാണെന്നിരിക്കെ ലബോറട്ടറികളില്‍ ഉത്പാദിപ്പിക്കുന്ന കൃത്രിമ വജ്രങ്ങളിലേക്കാണ് ഈ വ്യവസായം ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത്. അത്തരത്തില്‍ വലിയ സാധ്യതയും ഈ മേഖലയ്ക്ക് ഉണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ അവസരം ഉപയോഗപ്പെടുത്താന്‍ കൃത്രിമ വജ്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സീഡുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ ഇളവ് അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തിലുണ്ട്.